കട്ടപ്പന: സംസ്ഥാന സർക്കാർ നിർദേശാനുസരണം കാഞ്ചിയാർ പഞ്ചായത്തിൽ നടത്താൻ തീരുമാനിച്ച വികസന സദസിന് വിയോജിപ്പ് പ്രകടിപ്പിച്ച് യുഡിഎഫ് അംഗങ്ങൾ രംഗത്ത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ താളം തെറ്റി നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് മെമ്പർമാർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന നേട്ടങ്ങൾ പൊതുജനങ്ങളോട് വിവരിക്കാൻ പഞ്ചായത്തുകൾ തോറും വികസന സദസ് സംഘടിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഇതിനുള്ള തുക പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്യണം. ഈ വിഷയത്തിലാണ് വിയോജിപ്പ് അറിയിച്ച് യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അവതരിച്ചപ്പോൾ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത് ചെറിയതോതിൽ ഇരുപക്ഷവും തമ്മിൽ വാക്കുതർക്കങ്ങൾക്ക് ഇടയാക്കി. തുടർന്ന് പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള വിയോജനക്കുറിപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് അംഗങ്ങൾ ഒപ്പിട്ട് കൈമാറി. ലൈവ് ഭവന പദ്ധതി, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം കാര്യക്ഷമമായി നടക്കാത്ത സാഹചര്യമാണ്. വികസന പദ്ധതികൾക്കുള്ള ഫണ്ട് പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ നടത്തുന്ന വികസന സദസ് ജനങ്ങളുടെ ദുരിതം വർധിപ്പിക്കും ഇതിനാൽ ഈ പരിപാടി നടത്തുവാൻ അനുവദിക്കരുതെന്നാണ് കത്തിലൂടെ യു.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.