• പുളിയന്മലയിൽ തോട്ടത്തിൽനിന്ന് 35 കിലോ പച്ച ഏലക്ക് മോഷ്ടിച്ചു.
• ഉപ്പുതറയിൽ തോട്ടത്തിൽ നിന്നും 80 കിലോ ഏലക്ക മോഷണം പോയി.
കട്ടപ്പന: ഏലയ്ക്കായ്ക്ക്ഉയർന്ന വില കിട്ടാൻ തുടങ്ങിയതോടെ തോട്ടങ്ങളിൽ മോഷണവും വ്യാപകമായി. പുളിയൻമലയിലെ തോട്ടത്തിൽനിന്ന് 35 കിലോ പച്ച ഏലക്ക് മോഷ്ടിച്ചു. വാകവയലിൽ വിനോദിന്റെ തോട്ടത്തിൽ വിളവെടുത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഏലക്കായാണ് മോഷണം പോയത്. ഒരാഴ്ച മുമ്പ് ഇതേ തോട്ടത്തിൽ മോഷണം നടന്നിരുന്നു. ഒരുമാസം മുമ്പ് സമീപത്തെ ഐക്കരതകിടിയേൽ സിന്ധു വിജയന്റെ ഏലത്തോട്ടത്തിൽനിന്ന് ചരവും ഉപ്പുതറയിൽ പാട്ടത്തിന് എടുത്ത സ്ഥലത്തുനിന്ന് ഏലക്കായും മോഷണം പോയിരുന്നു. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉപ്പുതറ മാക്കപ്പതാൽ മാമൂട്ടിൽ അജീഷ് പാട്ടത്തിനെടുത്ത ഒഴുകിയിൽ ജോസിന്റെ ഏലത്തോട്ടത്തിൽ നിന്നും മോഷണം പോയ 80 കിലോയോളം ഏലക്ക ആണ്. കായ് എടുക്കാൻ പാകമായോ എന്ന് കഴിഞ്ഞദിവസം നോക്കിയിരുന്നു ഇതിന് പിന്നാലെ വിളവെടുപ്പ് എത്തിയപ്പോഴാണ് ശരം കണ്ടിച്ച് ഏലക്കായ കൊണ്ടുപോയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കായ കൂടുതലുള്ള ശരം തിരഞ്ഞെടുത്താണ് മുറിച്ചെടുത്തിരിക്കുന്നത്. ഓരോ ചെടിയിലും ഒന്നു മുതൽ അഞ്ചിൽ അധികം വീതം ശരം നഷ്ടപ്പെട്ടിട്ടുണ്ട്.
=ഏതാനും മാസങ്ങൾക്കു മുമ്പ് ഹൈറേഞ്ച് മേഖലയിൽ ഏലത്തോട്ടം കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിരുന്നു. ഇതിൽ ഏതാനും പ്രതികളെ പിടികൂടുകയും ചെയ്തു.എന്നാൽ മികച്ച വിളവ് കമ്പോളത്തിൽ ലഭിക്കുന്നതോടെ മോഷണം വീണ്ടും വ്യാപകമാകുകയാണ്.
=മോഷണം പോകുന്ന കായ്കൾ പച്ചയോടെ വിൽക്കുന്നതാണ് പതിവ്. പതിവ് തെറ്റിച്ച് ഞായറാഴ്ചകളിൽ മലഞ്ചരക്ക് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതും പാകമാകാതെ എത്തുന്ന ഏലക്കായകൾ പോലും സ്വീകരിക്കുകയും ചെയ്യുന്ന ഏതാനും സ്ഥാപനങ്ങൾ ഹൈറേഞ്ചിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് തസ്‌കരർക്ക് അവസരങ്ങൾ ഒരുക്കുന്നു എന്നും ആരോപണമുണ്ട്.
ജാഗ്രത വേണം
കട്ടപ്പന കമ്പോളത്തിൽ ഉണങ്ങിയ ഏലക്കായ്ക്ക് 2350 രൂപ വരെയാണ് വില .
വില വർദ്ധിച്ചതോടെ ഏലക്ക മോഷണം വ്യാപകമാണെന്നും കർഷകർ ജാഗ്രത പാലിക്കേണമെന്നും പൊലീസ് പറയുന്നു.