
തൊടുപുഴ: മൂവാറ്റുപുഴ- തേനി അന്തർസംസ്ഥാന പാതയോരത്ത് കല്ലൂർക്കാട് കോട്ടക്കവലയിൽ ഒരു കടയുണ്ട്, പക്ഷേ അവിടെ കടക്കാരനില്ല. നാടൻ പഴങ്ങളും പച്ചക്കറികളുമെല്ലാം കടയിലെത്തുന്നവർക്ക് ഇഷ്ടംപോലെ എടുക്കാം. തൊട്ടടുത്ത ബോർഡിലുള്ള മൊബൈൽ നമ്പറിലേക്ക് പണം യു.പി.ഐ പേയ്മെന്റ് ചെയ്താൽ മതി. കല്ലൂർക്കാട് കച്ചിറയിൽ വീട്ടിൽ ബിനീഷ് കുര്യനാണ് ഈ ആളില്ലാ കടയുടെ ഉടമ. പടുത മേഞ്ഞ തടിയിൽ നിർമ്മിച്ച ചെറിയ തട്ടുകടയിൽ ബിനീഷിന്റെ പുരയിടത്തിൽ ഉത്പാദിപ്പിച്ചതും സുഹൃത്തുക്കൾ വഴി ശേഖരിക്കുന്നതുമായ ജൈവ പഴങ്ങളും പച്ചക്കറികളും മാത്രമാണ് വിൽക്കുന്നത്. അര കിലോ, ഒരു കിലോ പായ്ക്കറ്റുകളായാണ് വിൽപ്പന. ചിലതിന് എണ്ണത്തിനാണ് വില. തൂക്കവും വിലയും എഴുതിയിട്ടുണ്ട്. വില പണമായി തന്നെ നൽകണമെന്നുള്ളവർക്ക് കാശ് ഇടുന്നതിനായി ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. 'സെൽഫ് സർവീസ് " എന്ന് ബോർഡെഴുതിയ കട രാവിലെ തുറന്നാൽ വൈകിട്ട് ഏഴര വരെയുണ്ടാകും. കട തുറക്കാനും അടയ്ക്കാനും മാത്രമാണ് ബിനീഷെത്തുക. രാത്രിയിൽ പടുതയിട്ട് മൂടും. പണം നൽകാതെ ആരെങ്കിലും സാധനങ്ങൾ എടുത്ത് കൊണ്ട് പോകുമെന്ന ആശങ്ക ബിനീഷിനില്ല. ഇതുവരെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. സാധനങ്ങൾ ആരെങ്കിലും കൊണ്ടുപോകുകയാണെങ്കിൽ തന്നെ അത്രയ്ക്ക് വശമില്ലാത്തയാളാകും എന്നതാണ് നിലപാട്.
കടയിലെ ഉത്പന്നങ്ങൾ
നേന്ത്രപ്പഴം, കറി നാരങ്ങ, വാഴപ്പിണ്ടി, ചുരയ്ക്ക, ചെറു കിഴങ്ങ്, മുള്ളൻ വെള്ളരി, മത്തങ്ങ, ജൂബിയ്ക്ക, പടവലം, കുമ്പളങ്ങ, ചേമ്പ്, കരിക്ക്, ചേന, പപ്പായ, പൈനാപ്പിൾ
പെട്ടെന്നുണ്ടായ ആശയം
തിരുവോണ പിറ്റേന്നാണ് ബിനീഷിന്റെ മനസിൽ ആളില്ലാ കടയെന്ന ആശയം ഉദിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തന്റെ തോട്ടത്തിലെ പൈനാപ്പിൾ എത്തിച്ച് വിൽപ്പന തുടങ്ങി. കച്ചവടം പൊടി പൊടിച്ചതോടെ കൂടുതൽ പച്ചക്കറികളും പഴങ്ങളും എത്തിക്കുകയായിരുന്നു. സംരംഭത്തിന് മാതാവ് ഏലിക്കുട്ടിയും ഭാര്യ സിജിയും മക്കളായ ദിയയും ഡോണും പിന്തുണയുമായെത്തി.
' പുതിയ സംരംഭത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. നാട്ടുകാരും നല്ല പിന്തുണയാണ് നൽകുന്നത് "
-ബിനീഷ് കുര്യൻ (കർഷകൻ)