 ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പിൻവലിച്ച് വനിതാശിശു വികസന വകുപ്പ് ഓഫീസർ


തൊടുപുഴ: മെഡിക്കൽ ബോർഡ് ചേരാതെ ജില്ലാ ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വലച്ച് അധികൃതർ. ഏകീകൃത തിരിച്ചറിയൽ രേഖയായ യു.ഡി.ഐ.ഡി (യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാർഡ്) ഐ.ക്യൂ പരിശോധനയ്ക്കായി ഹൈറേഞ്ചിൽ നിന്നടക്കം എത്തിയ വിദ്യാർത്ഥികളാണ് അധികൃതരുടെ അനാസ്ഥമൂലം പരിശോധന നടത്താനാകാതെ തിരികെ പോയത്. മുൻകൂട്ടി നിശ്ചയിച്ച തീയതി പ്രകാരമാണ് പരിശോധന നടത്തുന്നത്. എന്നാൽ ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മെഡിക്കൽ ബോർഡ് ഇല്ലെന്ന വിവരം അറിയിക്കുന്നത്. ഇതോടെ 25 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം ദുരിതത്തിലായി. എന്നാൽ പരിശോധന മാറ്റി വെച്ച വിവരം ജില്ലാ ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രറിക്ക് ലഭിച്ചത് ചൊവ്വാഴ്ചത്തെ ഓഫീസ് ടൈം കഴിഞ്ഞതിന് ശേഷമാണെന്നും ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധിക്കുന്നതെന്നുമാണ് വിശദീകരണം. മെഡിക്കൽ ബോർഡിലേക്കുള്ള പീഡിയാട്രീഷ്യനെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഡി.എം.ഒ ഓഫീസിൽ നിന്നാണ് നിയമിക്കേണ്ടത്. എന്നാൽ ആർ.സി.ഐ (റിഹാബിലിട്ടേഷൻ കൗൺസിൽ ഓഫ് ഇന്ത്യ) രജിസ്‌ട്രേഷനുള്ള സൈക്കോളജിസ്റ്റിനെ ലഭിക്കാത്തതിനാൽ ജില്ലാ മെഡിക്കൽ ഓഫീസിലെ നിർദ്ദേശപ്രകാരം ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഈ യോഗ്യതയുള്ള സ്റ്റുഡന്റ് കൗൺസിലറാണ് പകരം എത്തിയിരുന്നത്. ഇന്നലത്തെ പരിശോധനയിൽ ഇവർ രണ്ട് പേരും എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

മെഡിക്കൽ ബോർഡ്

18 വയസിൽ താഴെയുള്ളവരെ പീഡിയാട്രീഷനും ആർ.സി.ഐ രജിസ്‌ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ഐ.ക്യൂ പരിശോധിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തൊടുപുഴ വെങ്ങല്ലൂരിലെ ജില്ലാ റിസോഴ്സ് സെന്ററിലായിരുന്നു സൗജന്യ പരിശോധന. 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള കുട്ടികളെയാണ് പരിശോധിക്കുക. തുടർന്ന് മെഡിക്കൽ ബോർഡ് നൽകന്ന റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നത്. ഇത് അംഗീകരിച്ച് സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വേണം നിർദ്ധനരായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ. എന്നാൽ ഈ സേവനം പുതിയ ഓഫീസർ ചുമതലയേറ്റ ഉടൻ റദ്ദാക്കിയിരുന്നു. പുറത്ത് സ്വകാര്യ ആശുപത്രികളിൽ ഐ.ക്യൂ ടെസ്റ്റ് നടത്തുന്നതിന് കുറഞ്ഞത് 2500 രൂപയെങ്കിലുമാകും.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ല

വനിതാ ശിശു വികസന വകുപ്പ് ഓഫീസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ മെഡിക്കൽ ബോർഡിൽ വിടാത്തതും വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കൗൺസിലർ മറ്റൊരു വകുപ്പിൽ സൈക്കോളജിസ്റ്റായി അധിക ജോലി ചെയ്യുന്നത് എന്തിനെന്നാണ് ഓഫീസറുടെ നിലപാട്. കഴിഞ്ഞ മാസം നടന്ന യോഗത്തിൽ പങ്കെടുത്ത കൗൺസിലറുടെ ഡ്യൂട്ടിയെ ക്വാഷൽ ലീവായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ കരാർ ജീവനക്കാരിയായ അദ്ധ്യാപിക പിന്മാറുകയായിരുന്നു. ഇന്നലത്തെ യോഗത്തിൽ പീഡിയാട്രീഷ്യന് എത്താൻ അസൗകര്യമുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗം മാറ്റണമെന്നും അവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന ഓഫീസിൽ പ്രതികരണം ആരാഞ്ഞങ്കിലും ജില്ലാ സാമൂഹ്യനീതി ഓഫീസിനാണ് ചുമതലയെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഡി.എം.ഒ ഓഫീസിനെ പഴിചാരുകയായിരുന്നു. സ്റ്റുഡന്റ് കൗൺസിലറുടെ ചുമതല വനിതാ ശിശുവികസന ഓഫീസർക്കാണ്. കൂടുതൽ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അതിന് കൃത്യമായ മറുപടി നൽകാൻ വനിതാശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ തയ്യാറായില്ല. ജില്ലാ ഓഫീസറുടെ ഓഫീഷ്യൽ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.


''ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം നൽകില്ലെന്ന വിവരം വനിതാ ശിശുവികസന വകുപ്പ് ഓഫീസിൽ നിന്ന് അറിയിച്ചിട്ടില്ല. ജില്ലാ മെഡിൽ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് വർഷങ്ങളായി നൽകുന്ന സേവനമാണ് റദ്ദാക്കിയത്. വിഷയം കളക്ടറുമായി ചർച്ച ചെയ്തു. വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് ""

-ജില്ലാ മെഡിക്കൽ ഓഫീസർ ഇടുക്കി

''ഭിന്നശേഷി വിദ്യാർത്ഥികളോട് വലിയ ദ്രോഹമാണ് അധികൃതർ ചെയ്യുന്നത്. മറയൂരിൽ നിന്നടക്കം കുട്ടികൾ എത്തിയിരുന്നു. സ്ഥിരം സൈക്കോളജിസ്റ്റിനെ നിയമിക്കാത്തത് പ്രതിസന്ധിയാണ്."

-സി. ബിജി ജോസ് (പ്രിൻസിപ്പൽ, അടിമാലി കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ)

ഭിന്നശേഷി കുട്ടികളുടെ