തൊടുപുഴ: മൂന്നാർ ഡിവിഷന് കീഴിലുള്ള അടിമാലി, നേര്യമംഗലം റേഞ്ചുകളിൽ 1093.5907 ഹെക്ടർ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് വനംവകുപ്പ്. നേര്യമംഗലം റേഞ്ചിലെ മന്നാകണ്ടം, കുട്ടമ്പുഴ, നേര്യമംഗലം, കഞ്ഞിക്കുഴി വില്ലേജുകളിലായി 547.0263 ഹെക്ടർ സ്ഥലവും അടിമാലി റേഞ്ചിൽ മന്നാങ്കണ്ടം, കൊന്നത്തടി വില്ലേജുകളിലായി 546.5734 ഹെക്ടർ വനഭൂമിയും കൈയേറിയെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വനംവകുപ്പ് മറുപടി നൽകിയിരിക്കുന്നത്. നേര്യമംഗലം റേഞ്ചിന് കീഴിലെ വില്ലേജുകളിൽ 1977 ജനുവരി ഒന്നിന് ശേഷം വനഭൂമി കൈയേറിയ 978 കുടുംബങ്ങളുടെ പട്ടികയും വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അടിമാലിയിൽ കൈയേറിയവരുടെ പേര് വിവരങ്ങൾ വനംവകുപ്പിന്റെ കൈവശമില്ല. കൈയേറ്റം ഒഴിപ്പിച്ചതിന്റെ കണക്കും ഇല്ല. . ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിയാണ് വിവരാവകാശ രേഖകൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. 1977 ജനുവരി ഒന്നിന് മുമ്പ് ഉണ്ടായിട്ടുള്ള കുടിയേറ്റം കണ്ടെത്താൻ വനം, റവന്യൂ വകുപ്പുകൾ നടത്തുന്ന സംയുക്ത പരിശോധന വനംവകുപ്പിന്റെ മൂന്നാർ ഡിവിഷന് കീഴിൽ നടന്നിട്ടില്ല. സംയുക്ത പരിശോധന നടത്താതെ ഇത്രയും കുടുംബങ്ങളെ കൈയേറ്റക്കാരാക്കിയത് വ്യാജമായാണെന്ന് ബിജോ മാണി പറഞ്ഞു. 2024 ജൂലായ് 10ന് നിയമസഭയിൽ വനഭൂമി കൈയേറ്റത്തിന്റെ കണക്ക് സംബന്ധിച്ച എൻ. ഷംസുദീൻ എം.എൽ.എയുടെ ചോദ്യത്തിന് വനംമന്ത്രി നൽകിയ മറുപടിയിൽ സംസ്ഥാനത്ത് 4975 ഹെക്ടർ വനഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടന്നും ഇതിൽ മൂന്നാർ ഡിവിഷന് കീഴിൽ 1093.5907 ഹെക്ടർ കൈയേറിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 6.0631 ഹെക്ടറിലെ കൈയേറ്റം മൂന്നാർ ഡിവിഷന് കീഴിൽ ഒഴിപ്പിച്ചതായും പറയുന്നുണ്ട്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്. വനം വകുപ്പിന്റെ ഇത്തരം രേഖകളാണ് ഇടുക്കി ജില്ലയിൽ വ്യാപകമായി വനഭൂമി കൈയേറ്റം നടക്കുന്നതിന് തെളിവായി പരിസ്ഥിതി സംഘടനകൾ കോടതിയിൽ സമർപ്പിക്കുന്നതെന്നും ബിജോ മാണി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് ഷിബിലി സാഹിബ്, യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാനു ഷാഹുൽ എന്നിവർ പങ്കെടുത്തു.
=ഏത് കാലഘട്ടത്തിലാണ് കൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയതെന്ന ചോദ്യത്തിന് വനംവകുപ്പ് വ്യക്തമായ മറുപടി നൽകുന്നില്ല
'978 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാണിപ്പോൾ. എന്നിട്ടും ഈ വിഷയം മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജില്ലയിലെ ഇടതുനേതാക്കൾ അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം. ഇതിൽ കഞ്ഞിക്കുഴി, കൊന്നത്തടി വില്ലേജുകൾ മന്ത്രിയുടെ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടാണ്. സ്വന്തം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടവരെ വനം വകുപ്പ് കൈയേറ്റക്കാരാക്കിയിട്ട് ഇതിനെതിരെ മന്ത്രിയും ദേവികുളം എം.എൽ.എയും എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം."
-ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി