തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം. സെക്രട്ടറിയേറ്റിന് മുമ്പിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരും ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണും ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വ. ബേസിൽ ജോണും സംസാരിച്ചതിനു ശേഷം മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുഖ്യധാര രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും മുന്നിൽ നിറുത്തി അനന്തു കൃഷ്ണനും ആനന്ദ കുമാറും പാവപ്പെട്ട സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത പണം കൈക്കൂലി ആയോ, സംഭാവനയായോ കൈപ്പറ്റിയിട്ടുള്ള മുഴുവൻ ആളുകളിൽ നിന്നും തിരിച്ചുപിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് തിരിച്ച് നൽകണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത അഡ്വ. വിനോദ് മാത്യു വിൽസൺ പറഞ്ഞു. എ.എ.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി എ. അരുൺ, സെക്രട്ടറി അലി സുജാദ്, ട്രഷറർ മോസസ് ഹെൻട്രി, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, സെക്രട്ടറി റെനി സ്റ്റീഫൻ, വനിതാ വിംഗ് പ്രസിഡന്റ് സബീന, വിവിധ ജില്ലാ പ്രസിഡന്റുമാരായ അഭിലാഷ് ദാസ്, ജോയി തോമസ് ആനിത്തോട്ടം, ഇറിഷാദ്, കെ.വൈ. ഷാജു, വി. വിനു, ഡോ. സുരേഷ്, കെ.ഇ. പൗലോസ്, അഡ്വ. സിനു, ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ലിസി ബാബു, സജിത എന്നിവർ പ്രസംഗിച്ചു.