 മന്ത്രിസഭാ യോഗത്തിൽ രണ്ടേക്കർ അനുവദിച്ചു

ഇടുക്കി: ചെറുതോണിയിൽ കെഎസ്ആർടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കർ ഭൂമി പാട്ടക്കരാർ വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്കും ഓഫീസ് കോംപ്ലക്സിനുമായി കൈമാറാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സ്ഥലത്തിന്റെ മൂല്യം അനുസരിച്ചുള്ള പാട്ടത്തുക നൽകണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും തുക പാട്ടമായി നൽകി പ്രവർത്തനം അസാദ്ധ്യമാണെന്ന് കെ.എസ്.ആർ.ടി.സിയും നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. തുടർന്ന് പാട്ടത്തുകയിൽ ഇളവ് വരുത്തി നാമമാത്രമായ തുകയ്ക്ക് സ്ഥലം കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്ഥലം കൈമാറുന്നതു സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നു. സബ് ഡിപ്പോയുടെ ഗാരേജ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ഗാരേജ് നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. ഓഫീസ് കോംപ്ലക്സ് അടക്കമുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായുള്ള തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബസ് യാർഡ് യാഥാർത്ഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടെ നിന്നാകും സർവീസ് നടത്തുക.