ഒരു കോടി മുതൽ മുടക്കി വാച്ച് ടവറും അതിഥി മന്ദിരവും റസ്റ്റോറന്റും
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കരിമലമേട്ടിൽ വിനോദ സഞ്ചാര കേന്ദ്രം സജ്ജീകരിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം കൈമാറി ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ഒരു കോടി രൂപ മുടക്കിയാണ് ടൂറിസത്തിനായി പ്രദേശം വികസിപ്പിക്കുന്നത്. പ്രതിവർഷം 21363 രൂപയ്ക്ക് പത്തു വർഷത്തേക്കാണ് റവന്യൂ വകുപ്പ് സ്ഥലം പാട്ടത്തിന് അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ ഉയർന്ന മേഖലയായ കരിമലമേട് അണമുറിയാത്ത കാറ്റും സീസണിൽ കോട മഞ്ഞും നിറയുന്ന വ്യൂ പോയിന്റാണ്. ഈ പഞ്ചായത്തിൽ കാണപ്പെടുന്ന മുനിയറകളുടെ മാതൃകയിലാണ് ടൂറിസം കേന്ദ്രം വികസിപ്പിക്കുന്നത്. വാച്ച് ടവർ, അതിഥി മന്ദിരം, റസ്റ്റോറന്റ്, ഗ്ലാസ് ബ്രിജ്, സിപ് ലൈൻ തുടങ്ങിയവ ഉൾപ്പെടുത്തിയാകും കേന്ദ്രം വികസിപ്പിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി, മൂന്നാർ, രാമക്കൽമേട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മദ്ധ്യഭാഗത്തായാണ് കരിമലമേട് സ്ഥിതി ചെയ്യുന്നത്. വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ കൊടൈക്കനാലും ഇടുക്കി ഡാമുമടക്കം നിരവധി മനോഹര കാഴ്ചകൾ കാണാൻ സാധിക്കും.