അടിമാലി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി അടിമാലിയിലും ഇ.ഡി പരിശോധന. തിരുവനന്തപുരം സ്വദേശിനിയുടെ ലാൻഡ് ക്രൂയിസർ കാർ കഴിഞ്ഞ ദിവസം അടിമാലിയിലെ വർക്ക് ഷോപ്പിൽ നിന്നും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഈ വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയതെന്നാണ് വിവരം. രാജ്യത്തേക്ക് ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയും രജിസ്‌ട്രേഷനും നടക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ പരിശോധന. കോയമ്പത്തൂർ ആസ്ഥാനമായി വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഈ വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലക്ക് വിൽക്കുകയായിരുന്നു. ഫെമ - 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി നടപടി ആരംഭിച്ചിട്ടുള്ളത്.