cocanut
തേങ്ങ

 ഇനിയും വില ഉയരുമെന്ന് ആശങ്ക

തൊടുപുഴ: ഓണം കഴിഞ്ഞിട്ടും വിപണിയിൽ തേങ്ങയ്ക്ക് തീ വില. നിലവിൽ 82 രൂപയാണ് കിലോ വില. ഓണ വിപണിയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ തേങ്ങ വിറ്റഴിക്കുന്നത്. 78 രൂപയോളമായിരുന്നു ഓണക്കാലത്തെ വില. ഇതിന് ശേഷം ഗണേശോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കഴിഞ്ഞിട്ടും വില കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. 2023ലെ ഓണക്കാലത്ത് തുടങ്ങിയ വില വർദ്ധന ഈ വർഷമായപ്പോൾ ഇരട്ടി വിലയിൽ എത്തി. വിപണിയിൽ തേങ്ങയ്ക്ക് ക്ഷാമമില്ലാത്ത സമയത്തും വില ഉയരുന്നത് സാധാരണക്കാരെയും വ്യാപാരികളെയും ഒരു പോലെ വലയ്ക്കുകയാണ്. ജില്ലയിൽ തേങ്ങയെത്തുന്നത് പാലക്കാട്, മലപ്പുറം, കൊഴിഞ്ഞാംപാറ, മുതലമട, തമിഴ്നാട്ടിലെ പൊള്ളാച്ചി, കോവിൽപാളയം, നെഗമം, രാജപാളയം, സേലം, കോയമ്പത്തൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. കേരള വിപണിയിൽ എത്തിക്കാനായി ഇവിടെയെല്ലാം 100 കണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. എന്നിട്ടും വിപണിയിൽ വില കുറയാത്തതിനാൽ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം വ്യാപാരികൾ അടക്കം ഉന്നയിക്കുന്നു. കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും വിധം തേങ്ങ വില ഉയർന്നതിനാൽ പലരും ആവശ്യത്തിന് മാത്രം തേങ്ങ വാങ്ങുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. വില ഉയർന്നതോടെ നെഗമം, കോവിൽപാളയം, മീനാക്ഷിപുരം എന്നിവിടങ്ങളിലെ കാമ്പ് കൂടുതലുള്ള നാളികേരങ്ങളാണ് വ്യാപാരികൾ കൂടുതലായും വിപണിയിൽ എത്തിക്കുന്നത്.


മണ്ഡല മകരവിളക്ക് സീസൺ അടുത്തു: വിപണി ഇടപെടൽ ആവശ്യം
കുതിച്ചുയരുന്ന തേങ്ങാവില പിടിച്ച് നിറുത്താൻ വിപണി ഇടപെടൽ ആവശ്യമാണ്. 2023ൽ ഇതുപോലെ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അന്ന് വിപണിയിലെ അമിത വില നിയന്ത്രിക്കാനായത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മണ്ഡല- മകരവിളക്ക് സീസൺ ആരംഭിക്കും. ഈ രീതി തുടർന്നാൽ വില സെഞ്ച്വറി അടിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.

വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല; ആശ്വാസമായി സപ്ലൈകോ

തേങ്ങ വില ഉയരുമ്പോഴും വെളിച്ചെണ്ണ വിലയിലും മാറ്റമില്ലാതെ തുടരുന്നത് ആശ്വാസമാണ്. 420 രൂപയാണ് ശരാശശി വില. പല വിലയിലുള്ള വെളിച്ചെണ്ണകളും വിപണിയിലുണ്ടെങ്കിലും ഗുണമേന്മയിൽ ആർക്കും ഗ്യാരണ്ടിയില്ല. വില കുറയാതെ നിൽക്കുന്നതിനാൽ ഇതിന്റെ ഉപഭോഗത്തിലും കുറവുണ്ട്. എന്നാൽ സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നതാണ് ഏക ആശ്വാസം. 319 രൂപ നിരക്കിൽ സബ്സിഡി- അരകിലോ, നോൺ - സബ് സിഡി- അരകിലോ എന്നിങ്ങനെ ഉൾപ്പെടുത്തി ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. ഓണക്കാലത്ത് വില നിയന്ത്രിക്കാൻ ഇത് 339 രൂപയാക്കി കുറച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും വില കുറച്ചത്. കാർഡില്ലാതെ വാങ്ങിയാൽ കിലോയ്ക്ക് 359 രൂപയാണ്. വിപണിയിൽ ഏറ്റവും വിലക്കുറവ് സപ്ലൈകോയിലാണ്"

'തേങ്ങയ്ക്ക് തമിഴ്നാട്ടിൽ ക്ഷാമമില്ല. വില നിയന്ത്രിക്കാൻ സർക്കാരും നാളികേര വികസന കോർപ്പറേഷനും ഇടപെട്ടില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകും. കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. തമിഴ്നാടിനെ മാത്രം ആശ്രയിക്കാതെ ശ്രീലങ്ക, ലക്ഷ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാളികേരം ഇറക്കുമതി ചെയ്യാവുന്നതാണ് ""

-നിഷാദ് കാസിം ( നാളികേര വ്യാപാരി)