തൊടുപുഴ: ശ്രീസത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രേമപ്രവാഹിനി രഥയാത്രയ്ക്ക് 12ന് തൊടുപുഴ ഭീമാ ജംഗ്ഷനിൽ ഭക്തിനിർഭരമായ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സത്യസായി ബാബ ജന്മശതാബ്ദിയുടെ ഭാഗമായി ''സ്‌നേഹത്തിലൂടെ ശാന്തിയിലേക്ക് ""- എന്ന സന്ദേശം പകർന്ന് ഏപ്രിൽ 24ന് പുട്ടവർത്തിയിൽ നിന്ന് ആരംഭിച്ചതാണ് യാത്ര. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സെപ്തംബർ 25ന് വയനാട്ടിൽ പ്രവേശിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ പര്യടനം പൂർത്തീകരിച്ച ശേഷമാണ് ഇടുക്കിയിലെത്തുന്നത്. സ്വീകരണത്തെ തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ തൊടുപുഴ നഗരസഭയിലെ എല്ലാ ഹരിത കർമ്മ സേന അംഗങ്ങൾക്കും 'ഹാറ്റ് അംബ്രല്ല' നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരികളായ എസ്. സജീവ് മൂന്നാർ, ജയകൃഷ്ണൻ തൊടുപുഴ, ജില്ലാ പ്രസിഡന്റ് പി.ബി. കുട്ടപ്പൻ, പബ്ലിസിറ്റി കൺവീനർ ടി.എൻ. രാധാകൃഷ്ണ കൈമൾ, പബ്ലിക്കേഷൻ ഇൻചാർജ് ചന്ദ്രൻ കെ.വി, ഡിസ്ട്രിക്ട് സ്പിരിച്വൽ ഇൻ ചാർജ് ബാലചന്ദ്രൻ എൻ.വി, പി.ആർ. വിജയൻ മണക്കാട്, വി. ജയ സായികൃഷ്ണൻ എന്നിവർ പങ്കെടുത്തു.