തൊടുപുഴ: തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് പ്രകാരം വിജിലൻസ് അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് തോട്ടം തൊഴിലാളി ഐ. കരിം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിനിമം വേജ് ആക്ടിൽ ഉൾപ്പെട്ട 86ൽ 85 മേഖലകൾക്കും മിനിമം വേതന ഉപദേശക സമിതി നിശ്ചയിച്ച ക്ഷാമബത്ത നൽകുന്നുണ്ട്. പ്ലാന്റേഷൻ വർക്കേഴ്സിന് മാത്രം ഈ തുക നൽകുന്നില്ല. പകരം പ്ലാന്റേഷൻ ലേബർ കമ്മിറ്റി നിശ്ചയിച്ച തുകയാണ് നൽകുന്നത്. തൊഴിലാളികൾക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിൽ പി.എൽ.സിയ്ക്കും താത്പര്യമില്ല. ലേബർ കമ്മിഷണർ അദ്ധ്യക്ഷനായ സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിക്കല്ലാതെ തുക നിശ്ചയിക്കാൻ കഴിയില്ലെന്ന് ഇരിക്കെയാണ് ഇക്കാര്യത്തിലെ പി.എൽ.സി ഇടപെടൽ. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ സിറ്റിംഗിൽ മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയത്. പ്രശ്ന പരിഹാരത്തിന് അധികാരപ്പെട്ട കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയാണ് കമ്മിഷൻ ഉത്തരവിറക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ സമീപിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഐ. കരീം പറഞ്ഞു. തോട്ടം തൊഴിലാളികളായ ഷൺമുഖനാഥൻ, രാമർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.