comfort
മുട്ടം പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ

മുട്ടം: ലക്ഷങ്ങൾ മുടക്കി മുട്ടം പഞ്ചായത്ത് സ്ഥാപിച്ച കംഫർട്ട് സ്റ്റേഷൻ കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെ തുടർന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്നു. മുട്ടം ടൗണിൽ ടാക്സി സ്റ്റാന്റിലാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതിന്റെ വശങ്ങളിലുള്ള സ്ലാബിനിടയിലൂടെ മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടതായി ജനം പറയുന്നു. സമീപത്തുള്ള ഓടയിലേക്കാണ് ഇവ ഒഴുകി എത്തുന്നത്. മഴ പെയ്താൽ ചുറ്റുമുള്ള കിണർ ഉൾപ്പടെയുള്ള കുടിവെള്ള സ്രോതസുകളിലേക്കും ആയിരക്കണക്കിന് ജനങ്ങൾ കുളിക്കാനും തുണി അലക്കാനും ഉപയോഗിക്കുന്ന പരപ്പാൻ തോട്ടിലേക്കുമാണ് കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. നിരവധി കച്ചവട സ്ഥാപനങ്ങളും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നടത്തിപ്പുകാരും ജീവനക്കാരും ദുർഗന്ധം സഹിച്ചാണ് ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സമീപത്തും ടാക്സി സ്റ്റാന്റിന് സമീപത്തുമായിരുന്നു പൊതുശൗചാലയങ്ങൾ. ഇവ കാലപ്പഴക്കത്താൽ ജീർണ്ണിച്ച് ഉപയോഗ രഹിതമായതിനെ തുടർന്നാണ് 2023ൽ ടാക്സി സ്റ്റാൻഡിൽ പഞ്ചായത്ത് സ്ഥാപിച്ച ഷോപ്പിംഗ് കോപ്ലക്സിന്റെ ഭാഗമായി പുതിയ കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത്.

സൗകര്യങ്ങൾ ഒന്നുമില്ല

ചെളിയും പായലും തിങ്ങി നിറഞ്ഞതിനെ തുടർന്ന് കംഫർട്ട് സ്റ്റേഷനിലെ പൈപ്പുകളിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. രണ്ട് നിലകളിലായി ആറ് ടോയ്ലറ്റ് സൗകര്യമുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് നിലവിൽ ഉപയോഗിക്കാൻ കഴിയുന്നത്. ഒരേ സമയം ഒന്നിലേറെ ആളുകൾ ഇവിടേക്ക് എത്തിയാൽ വരി നിൽക്കേണ്ട അവസ്ഥയാണ്. ഈരാറ്റുപേട്ട- പാലാ ഭാഗങ്ങളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാർ, ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർ, കച്ചവട സ്ഥാപനങ്ങളിലുള്ളവർ എന്നിങ്ങനെ നിരവധി പേരാണ് നിത്യവും കംഫർട്ട് സ്റ്റേഷനെ ആശ്രയിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സാനിട്ടറി നാപ്കിൻ കത്തിച്ച് കളയുന്നതിനായി ഇവിടെ സ്ഥാപിച്ച മെഷീൻ പ്രവർത്തന രഹിതമാണ്. നാശത്തിലേക്ക് കൂപ്പുകുത്തുന്ന കംഫർട്ട് സ്റ്റേഷൻ നവീകരിക്കാൻ പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കംഫർട്ട് സ്റ്റേഷൻ നവീകരണത്തിന് 75,000 രൂപയുടെ ടെണ്ടർ ക്ഷണിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ പറഞ്ഞു.