തൊടുപുഴ: മുതലക്കോടം സേക്രട്ട്ഹാർട്ട് ഗേൾസ് ഹൈസ്‌കൂളിൽ മോഷണം. ബുധനാഴ്ച രാത്രി നടന്ന മോഷണത്തിൽ സ്‌കൂളിലെ സി.സി.ടി.വി ഡിജിറ്റൽ വീഡിയോ റെക്കോർഡറും (ടി.വി.ആർ) മോഡവുമടക്കം കവർന്ന മോഷ്ടാവ് നിരീക്ഷണ ക്യാമറയും നശിപ്പിച്ചു. സ്റ്റാഫ് മുറിയുടെയും ഹെഡ്മാസ്റ്ററുടെ മുറിയുടെയും താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്‌കൂൾ അധികൃതർ ഇന്നലെ തൊടുപുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്‌കൂളിലെത്തി പരിശോധന നടത്തി. മോഷ്ടാവിനെ സംബന്ധിച്ച് നിലവിൽ സൂചകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പ്രിൻസിപ്പൽ എസ്.ഐ അജീഷ് കെ. ജോൺ അറിയിച്ചു.