ഇടുക്കി: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 17 മുതൽ 21 വരെ മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 36-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനാണ് മുരിക്കാശേരി വേദിയാകുന്നത്. ജില്ലയിൽ കട്ടപ്പന, തൊടുപുഴ എന്നീ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന ഏഴ് ഉപ ജില്ലകളിൽ നിന്നുമായി ആറായിരത്തോളം കലാപ്രതിഭകൾ ഈ കലാമാമാങ്കത്തിൽ പങ്കെടുക്കും. ഏകദേശം പത്തോളം വേദികളിലായി മുന്നൂറോളം ഇനങ്ങളിലാണ് മത്സരം നടക്കുക. മേളയുടെ സ്വാഗതസംഘ രൂപീകരണം 28ന് മുരിക്കാശേരിയിൽ നടക്കും. യോഗത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരണവും മത്സര ക്രമീകരണങ്ങളുടെ അന്തിമ രൂപവും നിശ്ചയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.സി. ഗീത അറിയിച്ചു.