തൊടുപുഴ: സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി രാജാക്കാട് വലിയകണ്ടം റോഡിൽ നടന്ന ജില്ലാ റോഡ് സൈക്ലിങ് മത്സരത്തിൽ കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 25 കിലോമീറ്റർ മാസ്റ്റാർട്ടിൽ ഡി.കെ. അർജുൻ ഒന്നും ആദിത്യൻ ബി. നായർ രണ്ടും സ്ഥാനങ്ങൾ നേടി. 20 കിലോമീറ്റർ ടൈം ട്രയലിൽ നിഖിൽ പ്രദീപ് ഒന്നാം സ്ഥാനവും ആസിഫ് അസീസ് രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ശ്രീലക്ഷ്മി ബിനു ഒന്നും ആൻമരിയ ബിജു രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾ 11ന് പാലക്കാട് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കും. കായികാദ്ധ്യാപകരും സൈക്ലിങ്ങ് അസോസിയേഷൻ പ്രതിനിധികളും നേതൃത്വം നൽകി.