പീരുമേട്: ഗ്രാമ്പി എസ്റ്റേറ്റ് ജനവാസ മേഖലയിൽ പുലി ശല്യം രൂക്ഷമായതോടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ഏതാനും ആഴ്ചകളായി ഗ്രാമ്പി എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമായിട്ട്. മൂന്ന് ദിവസം മുമ്പാണ് എസ്റ്റേറ്റ് തൊഴിലാളി മഹാദേവന്റെ തൊഴുത്തിൽ നിന്ന പശുവിനെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പശുവിനെ വിട്ട് പുലി ഓടിപ്പോയി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പശു ചത്തു. ബുധനാഴ്ച പരമശിവന്റെ വീടിന്റെ മുറ്റത്ത് നിന്ന വളർത്ത് നായയെ പുലി പിടിച്ചു കൊണ്ടുപോയി. പ്രദേശത്ത് താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട വിഷ്ണു മൂന്ന് തവണ പുലിയെ കണ്ടു. വനപാലകർ എത്തി പരിശോധിച്ചപ്പോൾ കാൽപ്പാടുകൾ പുലിയുടെ തന്നെയാണെന്ന് മനസ്സിലായി. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ ചിത്രം പതിയുന്നത് അനുസരിച്ച് പുലിയെ പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.