പീരുമേട്: വാഗമൺ ടൗണിൽ പ്രവർത്തിക്കുന്ന മല്ലികയിൽ റിസോർട്ടിലെ കക്കൂസ് മാലിന്യം എം.എം.ജെ തോട്ടത്തിലെ ജനവാസ മേഖലയിൽ തള്ളിയ സംഭവത്തിൽ റിസോർട്ട് ഉടമയുടെ പേരിൽ കേസെടുത്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാലിന്യം തള്ളിയ ശേഷം തിരികെ പോവുകയായിരുന്ന വാഹനം എം.എം.ജെ പ്ലാന്റേഷൻ ജീവനക്കാർ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. വർഷങ്ങളായി റിസോർട്ടിലെ മാലിന്യം പൊതുവഴിയിലേക്കും പരിസരത്തേക്കും ഒഴുക്കുന്നത് സംബന്ധിച്ച് നാട്ടുകാരും പൊതുപ്രവർത്തകരും ഏലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിരുന്നു. എന്നിട്ടും റിസോർട്ട് ഉടമ മാലിന്യം തള്ളുന്ന നടപടിയിൽ നിന്ന് പിൻമാറിയില്ല. പൊതുവഴിയിലേക്ക് ഒഴുക്കിയ മാലിന്യങ്ങൾ കാരണം സാംക്രമിക രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മല്ലികയിൽ റിസോർട്ട് പാട്ടത്തിനെടുത്തു നടത്തുന്ന ആലപ്പുഴ സ്വദേശിയാണ് മാലിന്യം എം.എം.ജെ. എസ്റ്റേറ്റിൽ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.