മൂന്നാർ: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിൽ ദേവികുളത്ത് മണ്ണ് ഇടിഞ്ഞത് നീക്കാൻ ഇതുവരെ നടപടിയില്ല. ശക്തമായ മഴയിൽ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡിലൂടെ ഒരു വാഹനത്തിന് കഷ്ടിച്ച് മാത്രമാണ് കടന്ന് പോകാൻ കഴിയുന്നത്. 2024 ജൂൺ മാസത്തിലാണ് ശക്തമായ മഴയിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളത്ത് മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിന് ശേഷം പെയ്ത ശക്തമായ മഴയിൽ മണ്ണ് കൂടുതൽ റോഡിലേക്ക് ഒലിച്ചെത്തി. ഇപ്പോൾ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന അവസ്ഥയാണ്. മണ്ണ് നീക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ദേശീയപാത അധികൃതർ ഇത് കണ്ട ഭാവമില്ല. മണ്ണ് നീക്കുന്നതിന് സബ് കളക്ടറടക്കം നിർദ്ദേശം നൽകിയെങ്കിലും ദേശീയ പാത അധികൃതർക്ക് അനക്കമില്ല. ഇതോടെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. ദേവികുളത്തെ ടോൾ പിരിവ് തടയുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാനാണ് നാട്ടുകാരുടെ തീരുമാനം. മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ നിലവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ വലിയ അപകട സാദ്ധ്യതയും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.