കട്ടപ്പന: കനത്തമഴയിൽ ഇരട്ടയാർ നാല് സെന്റ് നഗറിലെ വീടുകളുടെ പരിസരത്തും റോഡിലും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് പ്രദേശവാസികൾക്ക് വലിയ ദുരിതമായി. ശാന്തിഗ്രാം ഗാന്ധിജി ഇ.എം സ്‌കൂളിലെ കെട്ടിട നിർമാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണാണ് മഴയിൽ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത വാഹനങ്ങളും മണ്ണിൽ പുതഞ്ഞു. നഗറിന്റെ മുകൾഭാഗത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കനത്ത മഴയിൽ ഭീമൻ മൺകൂന നിരവധി വീടുകളുടെ പരിസരത്തേയ്ക്ക് ഒലിച്ചെത്തി. വീട്ടുമുറ്റങ്ങളിൽ വൻതോതിൽ ചെളി അടിഞ്ഞുകൂടിയ നിലയിലാണ്. റോഡിൽ ചെളിനിറഞ്ഞതോടെ ഗതാഗതവും ദുഷ്‌കരമായി. ഉരുൾപൊട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും ചെളികയറി. റോഡ് ചെളിക്കുണ്ടായി മാറിയതോടെ നാട്ടുകാർ പ്രതഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗം ജോസുകുട്ടി അരീപ്പറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. സ്‌കൂൾ പരിസരത്ത് കൂടിക്കിടക്കുന്ന മണ്ണ് നീക്കാൻ കരാറുകാരന് നിർദേശം നൽകിയതായി ആനന്ദ് സുനിൽകുമാർ പറഞ്ഞു.