ഇടുക്കി: മണിയാറൻകുടി- ഉടുമ്പന്നൂർ റോഡ് നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് മണിയാറൻകുടിയിൽ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർമ്മാണ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കും. മണിയാറൻകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് റീച്ചുകളിലായി പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 14.82 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്. യോഗത്തിൽ എം.എൽ.എ.മാരായ എം.എം. മണി, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.