ചെറുതോണി: ഒരിക്കലും വിശ്രമിക്കാതെ മുഴുവൻ സമയം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധിയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ അടുത്ത എൽ.ഡി.എഫ് മന്ത്രിസഭയിലും ഇടുക്കിയുടെ മന്ത്രിയായുണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ചെറുതോണിയിൽ എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കുതിപ്പിന് നേതൃത്വം നൽകുന്ന മന്ത്രിയെ വ്യക്തിഹത്യ ചെയ്യാനും മന്ത്രിയുടെ ഓഫീസിനു നേരെ സമരം ചെയ്യാനും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ട കോൺഗ്രസും യു.ഡി.എഫും മുതിർന്നാൽ ജനങ്ങൾ പ്രതിരോധിക്കുമെന്ന സി.വി. വർഗീസ് പറഞ്ഞു. ഭൂ നിയമ ഭേദഗതിയും ചട്ട രൂപീകരണവും നടത്തുന്നതിന് സർക്കാരിന്റെ ഭാഗമായി നിന്ന് പ്രവർത്തിച്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനെതിരെ അക്രമം അഴിച്ചു വിടാനും ഓഫീസ് സ്തംഭിപ്പിക്കാനും യു.ഡി.എഫ് നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് രാഷ്ട്രീയ പൊതുസമ്മേളനം സംഘടിപ്പിച്ചത്. യോഗത്തിൽ എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. സലിംകുമാർ, രാരിച്ചൻ നീറണാകുന്നേൽ, സി.എം. അസീസ്, പി.ബി. സബീഷ്, കെ.ജി. സത്യൻ, വി.ആർ. ശശി, ജോസ് കുഴികണ്ടം, സനോജ് വള്ളാടി, ഷാജി കാഞ്ഞമല, ഷിജോ തടത്തിൽ, എം.കെ. പ്രിയൻ എന്നിവർ സംസാരിച്ചു.