തൊടുപുഴ: ജില്ലയിൽ ഇൻഡേൻ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉദയംപേരൂരിലെ ബോട്ടിലിങ് പ്ലാന്റിലെ താത്കാലിക തൊഴിലാളികൾ നടത്തിയ മെല്ലെപ്പോക്ക് സമരമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സമരം പിൻവലിച്ചിട്ടും അതിന്റെ പ്രത്യാഘാതങ്ങൾ വിതരണത്തെ സാരമായി ബാധിക്കുന്നു. പ്ലാന്റിൽ നിന്ന് പ്രതിദിനം അയയ്ക്കുന്ന എൽ.പി.ജി ലോഡുകളുടെ എണ്ണത്തിൽ 50 മുതൽ 60 വരെ ലോഡുകളുടെ കുറവുണ്ടായത് മൂലം ജില്ലയിലെ ഗ്യാസ് വിതരണക്കാർക്ക് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല. ഇത് വിതരണ സമ്പ്രദായത്തെയും താളം തെറ്റിക്കുന്നു. മലയോര, വിദൂര പ്രദേശങ്ങളിലെ വീടുകളിൽ സിലിണ്ടറുകൾ എത്താൻ ദിവസങ്ങളോളം വൈകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ലഭ്യമായ ലോഡുകൾ അയൽ ജില്ലകളായ എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് ക്ഷാമം വർദ്ധിപ്പിക്കുകയാണ്. പ്രത്യേകമായ ഭൂപ്രകൃതിയും പരിമിതമായ ഗതാഗത സൗകര്യങ്ങളും മൂലം തടസമില്ലാത്ത എൽ.പി.ജി വിതരണം ഇടുക്കിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ ജില്ലയെ കൂടുതൽ ഒറ്റപ്പെടുത്തുന്ന ഈ വിവേചനം അവസാനിപ്പിക്കണം. വിതരണം സാധാരണ നിലയിലാക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നിർദ്ദേശം നൽകണം. നിലവിലെ വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി സാധ്യമായ മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.