തൊടുപുഴ: ആവശ്യത്തിന് കായികാദ്ധ്യാപകർ ഇല്ലാത്തതിനാൽ ജില്ലയിലെ കായിക പരിശീലനം കിതയ്ക്കുന്നു. കായിക മേഖലയെ ശക്തിപ്പെടുത്തുമെന്ന സർക്കാരിന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും പ്രഖ്യാപങ്ങൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ മതിയായ കായിക അദ്ധ്യാപകരില്ലാത്തതിനാൽ പ്രതിസന്ധി അനുദിനം രൂക്ഷമാകുകയാണ്. ജില്ലയിൽ നിലവിൽ 62 കായിക അദ്ധ്യാപകരാണുള്ളത്. 135 ഓളം അദ്ധ്യാപകർ വേണ്ടതാണ്. 73 കായിക അദ്ധ്യാപകരുടെ ഒഴിവാണുള്ളത്. മതിയായ അദ്ധ്യാപകരില്ലാതെ കായിക മേഖല എങ്ങനെ ശക്തിപ്പെടുമെന്ന ചോദ്യം ഉയരുകയാണ്. കായികാദ്ധ്യാപക തസ്തികയുള്ളത് യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ മാത്രമാണ്. എൽ.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അനുവദിച്ചിട്ടില്ല. ഈ വിഭാഗങ്ങളെല്ലാം ഒന്നിച്ചുള്ള സ്‌കൂളുകളിൽ യു.പി, ഹൈസ്‌കൂൾ വിഭാഗം കായികാദ്ധ്യാപകരുടെ കനിവിലാണ് പരിശീലനം. വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള യു.പി സ്‌കൂളുകളിൽ ബി.ആർ.സിയിൽ നിന്ന് അദ്ധ്യാപകരെ നിയമിക്കുമെങ്കിലും കൂടുതൽ വിദ്യാർത്ഥികളുള്ള ഒന്നോ രണ്ടോ സ്‌കൂളുകളിൽ മാത്രമാണ് സേവനം ലഭിക്കുക. ഇതും ആഴ്ചയിൽ മൂന്ന് ദിവസം മാത്രം. വിദ്യാർത്ഥി അനുപാതത്തിലടക്കം മാറ്റം ആവശ്യപ്പെട്ട് കായികാദ്ധ്യാപക സംഘടനകൾ പരാതിയും നിവേദനവും സമരവുമൊക്കെയായി രംഗത്തുണ്ടെങ്കിലും യാതൊരു ഫലവുമില്ല.

തസ്തിക നിർണയം
യു.പി വിഭാഗത്തിൽ 500 കുട്ടികളുണ്ടെങ്കിലാണ് തസ്തിക അനുവദിക്കുക. ഹൈസ്‌കൂളുകളിൽ 8, 9 ക്ലാസുകളിലായി ചുരുങ്ങിയത് അഞ്ച് ഡിവിഷനുകളെങ്കിലും വേണം. 1986ലെ ഉത്തരവ് പ്രകാരമാണ് ഇപ്പോഴും തസ്തിക നിർണയം നടത്തുന്നത്. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലഘട്ടത്തിൽ യു.പി വിഭാഗത്തിൽ 300:1 എന്ന രീതിയിലും ഹൈസ്‌കൂളുകളിൽ പത്താം ക്ലാസ് കൂടി പരിഗണിച്ചും തസ്തിക നിർണയത്തിനായി ധാരണയായതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കലാ- കായിക എന്ന വിഭാഗത്തിൽ ഉത്തരവ് ഇറക്കിയതിനാൽ കലാ മേഖലയിലുള്ളവർക്കും പ്രാതിനിധ്യമുള്ള അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല ജൂനിയർ- സീനിയർ വിഭാഗത്തിൽ മുതിർന്ന കുട്ടികൾ മത്സരിക്കുന്ന ഹയർ സെക്കൻഡറി വിഭാഗത്തെ ഉൾപ്പെടുത്തി കാലോചിതമായ പരിഷ്‌കാരങ്ങൾ ഇല്ലാത്തതിനാൽ കായിക മേഖല മുടന്താനും തുടങ്ങി.

കാലാവധി കഴിഞ്ഞ സ്‌പോർട്സ് കൗൺസിൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ സ്‌പോർട്സ് കൗൺസിലാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പ്രത്യേക സർക്കാർ ഉത്തരവിലാണ് നിലവിലെ പ്രവർത്തനം. പത്തോളം സ്‌പോർട്സ് ഹോസ്റ്റലുകൾ പ്രവർത്തിച്ചിരുന്ന ഇില്ലയിൽ നിലവിൽ രണ്ടെണ്ണമാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടത്തും ഇടുക്കിയിലുമാണിത്. ഇടുക്കിയിലെ ഹോസ്റ്റലിന്റെ അവസ്ഥ പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് കായികാദ്ധ്യപകരില്ലെന്നതിന് പുറമെ പ്രവർത്തന ഗ്രാന്റും കൃത്യമായി നൽകാറില്ല. ഇതിനാൽ ഇവിടെ കുട്ടികളുടെ എണ്ണവും കുറവാണ്. മൂന്നാറിലെ സ്‌പോർട്സ് ഹോസ്റ്റലടക്കം നിർത്തേണ്ട സാഹചര്യമുണ്ടായി. കായിക മേഖലയ്ക്ക് ഏക ആശ്വാസം തൊടുപുഴയിലെ സ്വകാര്യ കായിക പരിശീലന സ്‌കൂൾ മാത്രമാണ്. ഷൈനി വിൽസൺ, ബീനാ മോൾ, കെ.എം ബിനു, പ്രീജ ശ്രീധരൻ എന്നിവരെ സൃഷ്ടിച്ചെടുത്ത ഇടുക്കിയാണ് ഇന്ന് ഇത്രയും പരിതാപകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നത്.

''കായിക മേഖലയിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ച രാജ്യത്താണ് കുട്ടികൾക്ക് അർഹതപ്പെട്ട കായിക അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്.

-നോബിൾ ജോസ് (കായികാദ്ധ്യാപകൻ)