മുട്ടം: കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ച കുഴി മണ്ണിട്ട് നികത്തിയെങ്കിലും റോഡിൽ വലിയ കിടങ്ങ് രൂപപ്പെട്ടത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. മുട്ടം കോടതിക്കവലയിലെ റോഡിലാണ് അപകടക്കെണിയായി കിടങ്ങ് രൂപപ്പെട്ടത്. മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലജീവൻ മിഷൻ അധികൃതരുടെ നേതൃത്വത്തിലാണ് റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നത്. രണ്ട് ഇടങ്ങളിലായി പത്ത് മീറ്ററോളം നീളത്തിലാണ് കിടങ്ങ് രൂപപ്പെട്ടിട്ടുള്ളത്. പൈപ്പ് സ്ഥാപിച്ചിട്ട് മണ്ണിട്ട് നികത്തിയതിലെ അപാകതയാണ് കാരണം. മൂലമറ്റം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നീ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലാണ് ഈ അവസ്ഥ. ഗവ. പോളിടെക്നിക്ക്, എൻജിനീയറിംഗ്, ഐ.എച്ച്.ആർ.ഡി കോളജുകളിലെയും സ്‌കൂളിലെയും വിദ്യാർത്ഥികൾ, കോടതിയുൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെയുള്ളവർ സഞ്ചരിക്കുന്ന റോഡായതിനാൽ മിക്കസമയങ്ങളിലും രൂക്ഷമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കാൽ നടയാത്രികരെ പോലും അപകടത്തിലാക്കുന്ന വിധമാണ് വലിയ പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. അപകടമൊഴിവാക്കാൻ റോഡരികിൽ റിബൺ വലിച്ച് കെട്ടിയതാണ് ജലജീവൻ മിഷൻ അധികൃതർ ഒരുക്കിയിരിക്കുന്ന ഏക മുന്നറിയിപ്പ് സംവിധാനം.