കട്ടപ്പന: പച്ചക്കൊളുന്ത് വില കുറയുന്നതും തേയിലച്ചെടികളിലെ രോഗകീടബാധകളും ജില്ലയിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 18 രൂപയാണ് ഇപ്പോഴത്തെ വില. തേയിലപ്പൊടി വില കുത്തനെ ഉയരുന്നതിനിടെയാണ് കൊളുന്ത് വില ഇടിയുന്നത്. ഉത്പാദനത്തിന് ആനുപാതികമായി കർഷകർക്ക് വില ലഭിക്കുന്നില്ല. വിഷയത്തിൽ ടീ ബോർഡും ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. വളംകീടനാശികളുടെ വില വർദ്ധനയും തൊഴിലാളികളും കൂലിയും കണക്കാക്കുമ്പോൾ കൊളുന്തിന് ഉയർന്ന വില ലഭിച്ചെങ്കിൽ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ജില്ലയിൽ 12,000ലേറെ ചെറുകിട തേയില കർഷകരുണ്ട്. ഉപ്പുതറ, തോപ്രാംകുടി, കാൽവരിമൗണ്ട്, വാഗമൺ മേഖലകളിൽ നിന്നായി സീസണിൽ പ്രതിദിനം രണ്ടര ലക്ഷം കിലോ കൊളുന്താണ് ഫാക്ടറികളിൽ എത്തുന്നത്. കൊളുന്തുവില നിശ്ചയിക്കാൻ കർഷകർക്കോ കർഷക സംഘങ്ങൾക്കോ അവകാശമില്ല. ഗുണനിലവാരവും ഡിമാന്റും മുതൽ വില നിശ്ചയിക്കുന്നത് വരെ വൻകിട തേയില ഉത്പാദക കമ്പനികളാണ്. അവർ നിശ്ചയിക്കുന്ന സമയത്തും ഫാക്ടറികളിലും കൊളുന്ത് എത്തിച്ചു കിട്ടുന്ന വില വാങ്ങി സംതൃപ്തരാകണം. വൻകിട തോട്ടങ്ങളിൽ കൊളുന്തെടുക്കൽ സജീവമായതോടെ ചെറുകിട കർഷകരുടെ കൊളുന്തിന് ഡിമാന്റ് കുറഞ്ഞിരിക്കുകയാണ്. എടുക്കുന്ന കൊളുന്ത് പൂർണമായും ഫാക്ടറികൾ വാങ്ങുന്നില്ല. ഉത്പാദനം കൂടുന്ന സമയങ്ങളിൽ ഫാക്ടറികൾ കൊളുന്ത് വാങ്ങുന്നത് നിറുത്തും. ഇതോടെ വിൽക്കാൻ മറ്റ് മാർഗമില്ലാതെ കർഷകർ കൊളുന്ത് ഉപേക്ഷിക്കേണ്ടിവരുന്നു. ചെടിയിൽ തന്നെ നിന്ന് കൊളുന്ത് മൂപ്പ് അധികമായി പാഴാകുന്ന സ്ഥിതിയുമുണ്ട്. വളത്തിന്റെ ലഭ്യതക്കുറവും പ്രതിസന്ധിയാണ്. സബ്സിഡി നിരക്കിൽ വളം നൽകാൻ ടീ ബോർഡ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ടീ ബോർഡ് പ്രവർത്തനം കാര്യക്ഷമമല്ലെന്നത് കർഷകരുടെ വ്യാപക പരാതിയാണ്. തേയില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ടീ ബോർഡ് ഉണ്ടെങ്കിലും ചെറുകിട കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

സ്ഥിരവില ലഭിക്കണം
നാലര കലോഗ്രാം പച്ചക്കൊളുന്തിന് ഒരു കലോഗ്രാം തേയിലപ്പൊടി കിട്ടുമെന്നാണു കണക്ക്. അതത് സമയത്തെ തേയിലപ്പൊടിയുടെ മാർക്കറ്റ് വിലയുടെ 15 ശതമാനം കൊളുന്ത് വിലയായി നൽകണമെന്ന് ടീ ബോർഡ് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കൊളുന്ത് വാടാതെ ഫാക്ടറികളിൽ എത്തിക്കുന്നതിനായി വെള്ളം തളിച്ചാണു വാഹനങ്ങളിൽ കയറ്റുന്നത്. ജലാംശത്തിന്റെ പേരിൽ കമ്പനികൾ തൂക്കത്തിന്റെ 11 ശതമാനം കുറയ്ക്കാറുണ്ട്. ലഭിക്കുന്ന വിലയിൽ 2.5 രൂപയോളം വണ്ടിക്കൂലിയിനത്തിൽ ചെലവാകും.