കട്ടപ്പന: കാഞ്ചിയാർ- ലബ്ബക്കട- കൽത്തൊട്ടി റോഡിന്റെ നവീകരണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. റോഡ് നിർമാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. സ്കൂളുകൾ, പള്ളികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാൻ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. യാത്രാക്ലേശം രൂക്ഷമായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് നിരവധി നിവേദനങ്ങളും പരാതികളും നൽകിയതിനെ തുടർന്നാണ് കാഞ്ചിയാർ പഞ്ചായത്ത് തുക വകയിരുത്തിയത്. റോഡിലെ കുഴികളിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴ ശക്തമായതോടെ വലിയ വെള്ളക്കെട്ടാണ് റോഡിലെ കുഴികളിൽ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിലുള്ള കലിങ്കുകൾ മൂടപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ റോഡിനായി അനുവദിച്ച തുക ഉപയോഗിച്ച് റോഡ് പൂർണമായും നവീകരിക്കാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ ദുരവസ്ഥ മനസിലാക്കി എത്രയും വേഗം റോഡിന്റെ നവീകരണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.