മൂലമറ്റം: ഇറക്കം ഇറങ്ങുന്നതിനിടയിൽ ജോയിന്റ് ഒടിഞ്ഞു നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓടയിൽ ചാടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കുമളിയിൽ നിന്ന് തൊടുപുഴയ്ക്ക് വന്ന ബസാണ് ഇന്നലെ രാവിലെ ആറിന് ഇലപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത്. നിറയെ യാത്രക്കാരുമായി വന്ന ബസ്, നിയന്ത്രണം വിട്ടതോടെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഓടയിൽ ചാടിച്ച് നിറുത്തിയത്. വണ്ടി തകരാറിലായതിനെ തുടർന്ന് സ്വകാര്യ ബസിലാണ് ഇതിലെ യാത്രക്കാരെ കയറ്റി വിട്ടത്. മൂലമറ്റത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരിക്കാൻ കോടികൾ അനുവദിക്കുന്നുണ്ടങ്കിലും യാത്രക്കാർക്ക് ആവശ്യത്തിനുള്ള വണ്ടികൾ ഇല്ല. എല്ലാ വണ്ടികളും കണ്ടം ചെയ്യാറായതാണ്. ഡിപ്പോ ലാഭകരമായാണ് പ്രവർത്തിക്കുന്നതെങ്കിലും പുതിയ വണ്ടികൾ നൽകാൻ വകുപ്പു മന്ത്രിയോ മേധാവികളോ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.