 തട്ടിയെടുത്തത് 90,000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണും

തൊടുപുഴ: മറയൂരിൽ വിനോദയാത്രയ്ക്ക് എത്തിയ യുവാക്കളിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു. മറയൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. വിപിൻ കൃഷ്ണൻ, പി.ആർ. ശരത്ത് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ദിവ്യാ ഉണ്ണി, എക്‌സൈസ് ഡ്രൈവർ എ. ഷാനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്റ്സ് ജോയിന്റ് കമ്മീഷണർ, എക്‌സൈസ് വിജിലൻസ് ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ എക്‌സൈസ് കമ്മിഷണറാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ കേസിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കിഷോർ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ എന്നിവരെ രണ്ട് മാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ആഗസ്റ്റ് നാലിന് കൊല്ലം പരവൂരിൽ നിന്നെത്തിയ നാല് യുവാക്കളാണ് എക്‌സൈസിന്റെ ക്രൂരതയ്ക്ക് ഇരയായത്. മറയൂരിൽ നിന്ന് കാന്തല്ലൂരിലേക്ക് പോകവേ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ മറയൂർ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞു നിറുത്തി പരിശോധിച്ചു. യുവാക്കൾ മദ്യപിച്ചിട്ടുണ്ടെന്നും കാറിൽ കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നും ആരോപിച്ച് നാല് പേരെയും മറയൂർ എക്‌സൈസ് ഓഫീസിലേക്ക് കൂട്ടി കൊണ്ടു പോയി. തുടർന്ന് കേസെടുത്ത് റിമാൻഡ് ചെയ്യാൻ തീരുമാനിച്ചതായും ഇതൊഴിവാക്കണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്നും എക്‌സൈസ് സംഘം ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ യുവാക്കൾ പണം നൽകാൻ സമ്മതിച്ചു. എന്നാൽ തങ്ങളുടെ പക്കൽ പണം നോട്ടായിട്ട് ഇല്ലെന്നും അക്കൗണ്ടിലാണ് ഉള്ളതെന്നും യുവാക്കൾ പറഞ്ഞു. ഇതോടെ യുവാക്കളിൽ രണ്ട് പേരെയും കൊണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനത്തിൽ മറയൂർ ടൗണിലെത്തി എ.ടി.എമ്മിൽ നിന്ന് മണി ട്രാൻസ്ഫർ സെന്ററിൽ നിന്നുമായി 90,000 രൂപ കൈക്കലാക്കി. ഇതിന് ശേഷം എക്‌സൈസ് ഓഫീസിൽ മടങ്ങിയെത്തി. എക്‌സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ നടത്തിയ വിലപേശലും ഭീഷണിയും ഉൾപ്പെടെയുള്ളവ യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ക്രൂരമായി മർദ്ദിച്ചു. ഭയന്ന യുവാവ് എക്‌സൈസ് ഓഫീസിൽ നിന്നിറങ്ങി പുറത്തേക്ക് ഓടി. ഇയാൾ ഓട്ടോയിൽ കയറി വീട്ടിലെത്തി ബന്ധുക്കളോടും മറ്റും വിവരം പറഞ്ഞു. ഇവർ പരാതി അറിയിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം മറയൂർ റേഞ്ച് ഓഫീസിൽ പരിശോധന നടത്തി പണം കൈമാറ്റം ചെയ്തതിന്റെയും ഫോൺ പിടിച്ച് വാങ്ങിയതിന്റെ മർദ്ദനത്തിന്റെയും ഉൾപ്പെടെ തെളിവുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആദ്യം സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്കൊപ്പം ഇപ്പോൾ സസ്‌പെൻഡ് ചെയ്ത മൂന്ന് പേരുടേയും പങ്കും തുടരന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. അതീവ ഗുരുതരമായ ക്രിമിനൽ പ്രവൃത്തി സഹപ്രവർത്തകരിൽ നിന്നുണ്ടായിട്ടും മറച്ച് വച്ചതിനാണ് താത്കാലികമായി ഓഫീസിന്റെ പാറാവ് ഡ്യൂട്ടി വഹിച്ചിരുന്ന വനിതാ സിവിൽ ഓഫീസർ ദിവ്യ ഉണ്ണിയെ സസ്‌പെൻഡ് ചെയ്യാൻ കാരണം. സേനയ്ക്കാകെ അപമാനമുണ്ടാക്കിയ സംഭവമായതിനാൽ സസ്‌പെൻഡ് ചെയ്തവർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സൂചന.