കട്ടപ്പന: ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ് അസോസിയേഷനും ഡ്രഗ് കൺട്രോൾ ഡിപ്പാർട്‌മെന്റും ചേർന്ന് ബോധവൽകരണ സെമിനാർ നടത്തി. കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിൽ എറണാകുളം അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ സന്തോഷ് കെ മാത്യു ഉദ്ഘാടനം ചെയ്തു. തൃശൂർ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഡോ.സജു ആർ. ആന്റിമൈക്രോബിയൽ പ്രതിരോധവും പൊതുബോധവൽക്കരണവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം മനുഷ്യർക്കുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും സെമിനാറിൽ ക്ലാസുകൾ നടത്തി. മരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച കാര്യങ്ങളിൽ ഉണ്ടാകുന്ന നിയമ നടപടികളെക്കുറിച്ച് എഡിസി സന്തോഷ് കെ മാത്യു വിശദീകരിച്ചു. ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് അധ്യക്ഷനായി. എകെസിഡിഎ ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോർജ്, ജില്ലാ സെക്രട്ടറി അജിമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.