തൊടുപുഴ:ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പല റോഡുകളും പൊട്ടിപൊളിഞ്ഞ് കുഴി നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായ അവസ്ഥയിലാണ്. വീതി കുറഞ്ഞ റോഡുകളാണ് ഭൂരിഭാഗവും, എന്നാൽ റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കാത്തതുമൂലം മഴക്കാലത്തും മറ്റും വെള്ളക്കെട്ട് നിറഞ്ഞ് റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ആലക്കോട് അഞ്ചിരിക്കവല കുറിച്ചിപ്പാടം റോഡ്, പഞ്ചായത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഇഞ്ചിയാനിയിലേക്കുള്ള പ്രധാന റോഡ് ഇവിടെയെല്ലാം റോഡ് തകർന്ന് കുഴികൾ നിറഞ അവസ്ഥയാണ്.
അംഗൻവാടി, ഹോമിയോ ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ പ്രധാനമായും പ്രദേശവാസികൾ ആശ്രയിക്കുന്നത് ഈ റോഡുകളെയാണ്. ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുള്ളത് സ്ഥിരം കാഴ്ചയാണ്. ആശുപത്രി ആവിശ്യങ്ങൾക്കായി വണ്ടികൾ ഓട്ടം വിളിച്ചാൽപോലും വരാത്ത അവസ്ഥയാണെന്ന് സമീപവാസി സാവിത്രി ശിവരാജൻ പറയുന്നു
ബി.ജെ.പി ആലക്കോട് പഞ്ചായത്ത് സമിതിയംഗങ്ങളും, നാട്ടുകാരും പല തവണ നിവേദനം നൽകിയിട്ടും ഫണ്ട് അനുവദിച്ചെന്നും കരാറുകാരൻ പണി ഏറ്റെടുക്കുന്നില്ലെന്നുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതല്ലാതെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.