തൊടുപുഴ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് സ്റ്റേഷന് മുമ്പിലെത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് ട്രാഫിക് പൊലീസ് റോഡിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ അടക്കം വലിച്ചെറിഞ്ഞു. പ്രകടനം മുമ്പിൽ കണ്ട് പൊലീസ്, സ്റ്റേഷന് മുമ്പിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പത്ത് മിനിറ്റോളം പ്രതിഷേധിച്ച ശേഷം പ്രവർത്തകർ പിന്മാറി. ഭരണം മാറുമ്പോൾ ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ചോരയ്ക്ക് പൊലീസ് മറുപടി പറയേണ്ടി വരുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി മെമ്പർ നിഷാ സോമൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ദീപക്, ടി.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി ഡി.സി.സി സെക്രട്ടറിമാരായ എൻ.ഐ ബെന്നി വി.ഇ താജുദ്ദീൻ, ടി.ജെ പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, ബോസ് തളിൻച്ചിറ, ടോണി തോമസ്, രാജേഷ് ബാബു,സി എസ് മഹേഷ് റോബിൻ മൈലാടി, തുടങ്ങിയവർ പ്രസംഗിച്ചു.
പൊലീസ് സ്റ്റേഷനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജ്ജിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ള യു.ഡി.എഫ് പ്രവർത്തർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയിൽ തൊടുപുഴ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു . രാജീവ് ഭവനിൽ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസിന്റെ നേതൃത്വത്തിൽ പ്രകടനമായി രാത്രി 9.30യോടെ എത്തിയ പ്രവർത്തകർ സ്റ്റേഷൻ കവാടവും കടന്ന് സ്റ്റേഷനുള്ളിൽ കയറിയാണ് മുദ്രാവാക്രം വിളിച്ച് പ്രതിഷേധിച്ചത് . തൊടുപുഴ ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും പൊലീസും പ്രവർത്തകരും സംയമനം പാലിച്ചു. സ്റ്റേഷനുള്ളിൽ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പിന്നീട് സ്വയം പിന്തിരിയുകയായിരുന്നു . തുടർന്ന് റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു. സംഭവത്തിൽ 15 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.