building

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലപ്പഴക്കംചെന്ന് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി. അധികൃതരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ കെട്ടിടം പൊളിച്ചത്. 2002-03 കാലഘട്ടത്തിൽ മുൻ എം.പി ഫ്രാൻസിസ് ജോർജ് ഫണ്ട് അനുവദിച്ചാണ് നാല് മുറികളുള്ള കെട്ടിടം കമ്പ്യൂട്ടർ ലാബിനായി നിർമിച്ചത്. പിന്നീട് കാലപ്പഴക്കത്താൽ കെട്ടിടം അപകടാവസ്ഥയിലായി. കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിയുകയും ഭിത്തികൾ വിണ്ടുകീറുകയും ചെയ്തു. സ്‌കൂൾ അധികൃതരുടെ അപേക്ഷ കണക്കിലെടുത്ത് കെട്ടിടം പൊളിക്കാനായി എസ്റ്റിമേറ്റ് തയാറാക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും തുടർനടപടി വൈകിയിരുന്നു. ഇത് കേരളകൗമുദി അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേലും വിഷയത്തിൽ ഇടപെട്ടു. ഇതോടെ തുടർനടപടി വേഗത്തിലാക്കി കെട്ടിടം പൊളിക്കാൻ കരാർ നൽകി. കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്ത് ബാഡ്മിന്റൺ കോർട്ട് നിർമിക്കുമെന്ന് അധികൃതർ പറഞ്ഞു.