roshy


കൊന്നത്തടി: ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കൊന്നത്തടി ഗ്രാമ പഞ്ചായത്തിലെ സമസ്ത മേഖലകളിലും സർവതല സ്പർശിയായ മാറ്റമുണ്ടായതായി റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇടുക്കിയിൽ കെ.എസ്ആർ.ടിസി ഓപ്പറേറ്റിംഗ് സെന്റർ യാഥാർത്ഥ്യമാകുന്നതോടെ കൊന്നത്തടിയുടെ ഗ്രാമീണ മേഖലകളിലൂടെ ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഗതാഗത രംഗത്ത് അടക്കം ഗ്രാമീണ മേഖല മാറ്റത്തിന്റെ പാതയിലാണ്. ഗ്രാമീണ മേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി മാതൃകാപരമായ പദ്ധതികളാണ് പഞ്ചായത്ത് ഭരണ സമിതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 4.5 കോടി രൂപ ചെലവിൽ ബിഎംആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന നിരപ്പേൽപടി മരക്കാനംമാങ്ങാപ്പാറ റോഡ്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടിൽ 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മരക്കാനംപൊൻമുടി റോഡ്, 30 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മരക്കാനംമുനിയറ റോഡ്, 16 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പൂതാളിപാറത്തോട് റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ഒരു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ മാങ്ങാപ്പാറ ചേബ്ലാംകുഴികൊമ്പൊടിഞ്ഞാൽ റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി മരക്കാനത്ത് നിർവഹിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.പി മൽക്ക, സുമംഗല വിജയൻ, മേരി ജോർജ്, പൂതാളി സെന്റ് ജയിംസ് പള്ളി വികാരി സൈജു പുത്തൻപറമ്പിൽ, വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികളായ ഷാജി കാഞ്ഞമല, വി.എം ബേബി, റ്റി. എസ് തങ്കച്ചൻ, വിൽസൺ തോമസ്, ബാബു കുന്നേൽ, സന്തോഷ് തോമസ്, ബേബി കോലോത്തുപടവിൽ, ആദർശ് ഇസക്കിയേൽ, ടോമി ചെറുനിലത്ത് പുത്തൻപുരയ്ക്കൽ, ലിസി ടോമി, അനീഷ് ബാലൻ, കെ.കെ രജനി തുടങ്ങിയവർ പങ്കെടുത്തു.