ഇന്നലെ ഇടുക്കിയിൽ മാത്രം പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തിയില്ല
തൊടുപുഴ: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് 5 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്നലെ ജില്ലയിൽ നടത്തിയില്ല. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും പദ്ധതി നടക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും പദ്ധതി നടത്തിയില്ല എന്ന രീതിയിലുള്ള പ്രചരണം നവമാദ്ധ്യമങ്ങളിലൂടെ വലിയ ചർച്ചയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇടുക്കി ഒഴികെ മറ്റ് മുഴുവൻ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക ആശങ്കയും ഉയർന്നിരുന്നു. പൾസ് പോളിയോ പദ്ധതി നടത്തിയില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വസ്തുതകളിൽ അടിസ്ഥാനമില്ലെന്ന് ജില്ലാ റീ പ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസ് അറിയിച്ചു. . ജില്ലയെ എന്ത് കൊണ്ട് ഒഴിവാക്കിയെന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ആർ.സി.എച്ച് വിഭാഗവും മടുത്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ ഇടുക്കി ഉൾപ്പെടാത്തതിനാലാണ് വാക്സിനേഷൻ നടക്കാത്തത്. ജൂലായ് 30നാണ് വാക്സിനേഷനായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളും ജില്ലകളും അടങ്ങിയ പട്ടിക പുറത്തിറക്കിയത്. ഇതിൽ ഇടുക്കി ഉൾപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ഈ വർഷം ആദ്യം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് രാജ്യത്ത് 21 സംസ്ഥാനങ്ങളിൽ പോളിയോ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. പട്ടികയിൽ ഇല്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ പോളിയോ നൽകുന്നില്ല. കഴിഞ്ഞ പതിനാല് വർഷങ്ങളായി രാജ്യം പോളിയോ രഹിതമാണ്. 2014ൽ രാജ്യത്തിന് പോളിയോ ഫ്രീ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളതാണ്.
ഇടുക്കി ഒഴിവായതിങ്ങനെ
ഒക്ടോബർ 12ന് പോളിയോ നൽകുന്നതിന് കേരളത്തിലെ 10 ജില്ലകളെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരഞ്ഞെടുത്തിരുന്നത്. ഇടുക്കി, വയനാട് ,കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകൾ പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല. ഒഴിവാക്കപ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രോഗ്രാം നടത്തേണ്ടത് ആവശ്യമാണെന്ന് കാട്ടി ആരോഗ്യവകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പകരം ഏതെങ്കിലും 3 ജില്ലകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുമ്പ് ഇറക്കിയ പട്ടികയിലുണ്ടായിരുന്ന ഒരു ജില്ലയേയും ഒഴിവാക്കാതെ തന്നെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ ഉൾപ്പെടുത്തുകയാണ് ചെയ്തത് .അങ്ങനെയാണ് ഇടുക്കിയിൽ മാത്രം പദ്ധതി ഇല്ലാതെ വന്നത്.
' പട്ടികയിൽ ഇടം നേടാത്തതിനാലാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നൽകാത്തത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമുകൾ നടക്കുന്നത് ഇടുക്കിയിലാണ്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ യാതൊരുവിധ വാക്സിനുകളും എടുക്കാത്തവരുടെയും ഭാഗികമായി വാക്സിൻ എടുക്കുന്ന കുട്ടികളുടെയും എണ്ണം ഏറ്റവും കുറവ് ഇടുക്കിയിലാണ്. ഇവിടെ വിരലിലെണ്ണാവുന്ന സംഖ്യമാത്രമാണുള്ളത്'' -
ഡോ. സിബി ജോർജ് (ആർ.സി.എച്ച് ഓഫീസർ, ഇടുക്കി)