അടിമാലി: മൾട്ടി റൂട്ട് ജാതി കൃഷിയിലൂടെ ശ്രദ്ധേയനായ ജാതികർഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേൽ സി എം ഗോപിക്ക് സംസ്ഥാന അവാർഡ്.സംസ്ഥാനത്തെ മികച്ച തോട്ടവിള കർഷകനുള്ള കേരളബാങ്ക് നൽകുന്ന സഹകാരി കർഷക അവാർഡിനാണ് സി എം ഗോപി അർഹനായത്.ജാതി കൃഷിയുമായി ബന്ധപ്പെട്ടുള്ള സി എം ഗോപിയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.
വർഷങ്ങൾക്ക് മുമ്പ് ജാതി കൃഷിയിൽ സി എം ഗോപി നടത്തിയ നൂതന കണ്ടുപിടുത്തം കാർഷിക മേഖലക്ക് തന്നെ പുതിയ ഉണർവ്വ് നൽകുന്നതായിരുന്നു.ജാതികൃഷിയിൽ നൂറുമേനി വിളവ് ലഭിക്കാൻ മൾട്ടിറൂട്ട് ലോംങ്ങ് ബഡ് ജാതി തൈകൾ ജനകീയമാക്കുന്നതിൽ സി എം ഗോപിയുടെ പങ്ക് പ്രധാനമാണ്.ജാതി കൃഷിക്കൊപ്പം മൾട്ടി റൂട്ട് ജാതിതൈകൾ ആവശ്യക്കാരിലേക്കെത്തിക്കാൻ വിപുലമായ നഴ്സറി സംവിധാനവും അടിമാലിയിൽ സി എം ഗോപി ഒരുക്കിയിട്ടുണ്ട്.ഇതിനോടകം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌ക്കാരങ്ങൾക്കും അംഗീകാരങ്ങൾക്കും അർഹനായിട്ടുണ്ട്