തൊടുപുഴ: അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തൊടുപുഴ ഡിപ്പോയിൽ വെറുതെ കിടക്കുന്നതായി ആക്ഷേപം.കട്ടപ്പന ഡിപ്പോയിലേക്ക് പുതിയതായി അനുവദിച്ച സൂപ്പർ ഫാസ്റ്റാണ് മെയിന്റനൻസ് നടത്താതെ കിടക്കുന്നത്. രണ്ടാഴ്ച മുമ്പ് കഞ്ഞിക്കുഴിയിൽവെച്ച് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ബസിന്റെ മുൻ ഭാഗത്തെ ഗ്ലാസുകൾ അടക്കം പൊട്ടിയിരുന്നു. കട്ടപ്പന - തിരുവന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണിത്. കോർപറേഷൻ നിരത്തിലിറക്കിയ വണ്ടി ദിവസങ്ങളായി വെറുതെ കിടന്നിട്ടും കൃത്യമായി മെയിന്റനൻസ് നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ടി.വി.എസ് ഷോറുമിൽ മെയിന്റനൻസിനായി എത്തിച്ച വാഹനം ഷോറൂമിൽ സ്ഥലമില്ലാത്തതിനാണ് തൊടുപുഴ ഡിപ്പോയിൽ ഇട്ടിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ടേൺ അനുസരിച്ച് ടി.വി.എസ് ജീവനക്കാർ വാഹനം അറ്റകുറ്റപ്പണിക്കായി ഷോറൂമിൽ എത്തിക്കുമെന്നും ഇതിനായുള്ള എസ്റ്റിമേറ്റ് തുക അടക്കം നൽകിയിട്ടുള്ളതാണെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.