vannappuram

വണ്ണപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുളള ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ കാർഷിക മേഖലയിൽ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വണ്ണപ്പുറം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ വഴി വന്യമൃഗ ശല്യം തടയാൻ സാധിക്കും. ഇത്തരം ഉപകരണങ്ങൾ കൃഷിക്കാർക്ക് ലഭ്യമാക്കും. വന്യജീവി സംഘർഷം നേരിടുന്ന തൊടുപുഴ നിയോജകമണ്ഡലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വണ്ണപ്പുറം സ്മാർട്ട് കൃഷിഭവൻ വഴി വിവിധ പ്രദേശങ്ങളിലെ കർഷകരുമായി ആശയവിനിമയം നടത്തുന്നതിനും കൂടാതെ കർഷകർക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഇക്കോ ഷോപ്പിന്റെയും സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങ് വില നിശ്ചയിക്കണമെന്നും വന്യജീവി ശല്യം നേരിടുന്ന പ്രദേശത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എബ്രഹാം സെബാസ്റ്റ്യൻ സ്മാർട്ട് കൃഷിഭവൻ പദ്ധതി വിശദീകരിച്ചു. ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടർ ഡീന എബ്രഹാം ക്രോപ്പ് ഹെൽത്ത് ക്ലിനിക് ആന്റ് സോയിൽ ഹെൽത്ത് കാർഡ് അവതരണം നടത്തി. മുതിർന്ന കർഷകൻ സേവ്യർ ഔസേപ്പ് കുന്നപ്പള്ളിൽ മുള്ളരിങ്ങാടിനെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ, അഗ്രോ ക്ലിനിക്ക്, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരുടെ ക്ലാസ്, പൊതുയോഗം തുടങ്ങിയ വിവിധ പരിപാടികളും നടന്നു.യോഗത്തിൽ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്,ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി,ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈനി സന്തോഷ് , രവി കൊച്ചിടക്കുന്നേൽ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി - സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.