
ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആദ്യദിവസമായ ഇന്നലെ രാവിലെ 10 മുതൽ 17വരെ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പാണ് നടത്തിയത്. ആദ്യ നറുക്കെടുപ്പ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. നറുക്കെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷണത്തിനായി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ അണ്ടർ സെക്രട്ടറി വിഭോർ അഗർവാളും സെക്ഷൻ ഓഫീസർ ആസാദ് സിംഗും സന്ദർശിച്ചു. അടിമാലി പഞ്ചായത്തിലെ നറുക്കെടുപ്പ് രാവിലെ 10 നും തുടർന്ന് കൊന്നത്തടി, ബൈസൺവാലി,വെള്ളത്തൂവൽ,പള്ളിവാസൽ, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, കുമാരമംഗലം,മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പുമാണ് നടത്തിയത്. ഇന്ന് മറയൂർ (10ന്), മൂന്നാർ (10.20ന് ), കാന്തല്ലൂർ (10.40ന് ), വട്ടവട (11ന് ), ശാന്തൻപാറ (11.20ന്), ചിന്നക്കനാൽ (12ന് ), മാങ്കുളം (12.20ന് ), ദേവികുളം (12.40ന് ), ഇടമലക്കുടി (1 മണി), പാമ്പാടുംപാറ (2.20ന് ), സേനാപതി (2.40ന് ), കരുണാപുരം (3ന് ), രാജാക്കാട് (3.20ന് ), നെടുങ്കണ്ടം (4ന് ), ഉടുമ്പഞ്ചോല (4.20ന് ), രാജകുമാരി (4.40ന് ) എന്നീ പഞ്ചായത്തുകളിലെ നടക്കും.
പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നാളെ അവസാനിക്കും.
18ന് ബ്ളോക്ക് പഞ്ചായത്തിൽ
നറുക്കെടുപ്പ്
എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 21നാണ് ജില്ലാപഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് . ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുൻസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 16ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തൊടുപുഴ മുൻസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10നും കട്ടപ്പനയിലേത് 11നും നടക്കും.
സംവരണ വാർഡുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ജില്ലയുടെ സൈറ്റിൽ ലഭിക്കും. വൈബ്‌സൈറ്റ് https://idukki.nic.in/en/
.