പീരുമേട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണു. സംഭവത്തിൽ പരിക്കേറ്റ കല്ലാർ പുതുവൽ സ്വദേശി ബിനു (56)വിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർ കവലക്കും മത്തായി കൊക്കയ്ക്കും ഇടയിൽ ഇന്നലെയായിരുന്നു സംഭവം. ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി പോക്കറ്റിൽ നിന്നും പണം എടുക്കുമ്പോൾ ഫുട്‌ബോർഡിന് സമീപം നിന്ന ബിനു കമ്പിയിൽ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. യാത്രക്കാരൻ തെറിച്ചുവീണത് ജീവനക്കാർ അറിഞ്ഞില്ല. ബസ് അൽപ ദൂരം മുമ്പോട്ട് പോകുകയും ചെയ്തു. തുടർന്ന് പിന്നാലെ വരികയായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് റോഡിൽ വീണ് പരിക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.