
കുമളി:മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് ഇ-മെയിൽ ഭീഷണി സന്ദേശം.തൃശ്ശൂർ ജില്ലാ കോടതിയിൽ ഇന്നലെ രാത്രിയാണ് സന്ദേശമെത്തിയത്.ഉടൻ തൃശ്ശൂർ കളക്ടർക്കും അവിടെ നിന്നും ഇടുക്കി കളക്ടർക്കും കൈമാറി.മുല്ലപ്പെരിയാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡിനെയും പൊലീസ് നായയെയുമെത്തിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഇ- മെയിൽ അയച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.തേക്കടി ചെക് പോസ്റ്റിന് സമീപം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന ഷട്ടറിലും അണക്കെട്ടിലും ബേബി ഡാമിലും സ്‌ക്വാഡ് പരിശോധന നടത്തി.അതിനിടെ,ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാദ്ധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാദ്ധ്യമസംഘം സ്ഥലത്തെത്തിയത്.എന്നാൽ,വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാർ മാദ്ധ്യമപ്രവർത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തു.മുമ്പും ഈ ഉദ്യോഗസ്ഥനിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്.