കട്ടപ്പന :സുസ്ഥിര ജലവികസനവും വിഭവപരിപാലനവും ലക്ഷ്യമിട്ട് ജലവിഭവ വകുപ്പ് വെള്ളിയാഴ്ച കട്ടപ്പനയിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ നടത്തും. സെന്റ് ജോർജ് പാരിഷ് ഹാളിൽ ആറുവിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. പൊതുജനങ്ങൾ, നയരൂപകർത്താക്കൾ, വകുപ്പിലെ വിദഗ്ധർ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടെ ആയിരംപേർ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ, 9.30ന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ ആമുഖ പ്രഭാഷണവും റിപ്പോർട്ട് അവതരണവും നടത്തും. 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 10.30 മുതൽ മൂന്നുവരെ ആറ് പ്രധാന വിഷയങ്ങളിലും അവയുടെ ഉപവിഷയങ്ങളിലും പാനൽ ചർച്ചകൾ നടക്കും. മൂന്നിന് വിഷൻ ഡോക്യുമെന്റ് അവതരണത്തോടെ സമാപനം.
പാനൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങൾക്ക് മാർഗനിർദ്ദേശമാകുന്ന രീതിയിൽ തയാറാക്കുന്ന 'വിഷൻ 2031' വികസന രേഖ അവതരിപ്പിക്കും. എല്ലാവർക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങൾ ഉറപ്പാക്കൽ, മലിനീകരണ നിയന്ത്രണം, ശുദ്ധീകരണ സാങ്കേതികവിദ്യകൾ, ജല പുനരുപയോഗം, ഭൂഗർഭജല സംരക്ഷണം, റീചാർജ്, സുസ്ഥിരമായ ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും, സമഗ്ര ജലവിഭവ പരിപാലനം, കനാൽ അറ്റകുറ്റപ്പണികൾക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിലാണ് പാനൽ ചർച്ചകൾ.