പീരുമേട്: ജനവാസ മേഖലയായ ഗ്രാമ്പിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം.വനാതിർത്തിയിൽ കുടിൽക്കെട്ടി താമസിക്കുന്ന ആദി വാസി വിഭാഗത്തിൽപ്പെട്ട രാജുവിന്റെ മകനെ പിടികൂടാൻ കടുവ ശ്രമിച്ചു. വളർത്തുനായ് ഇറങ്ങി ബഹളം വച്ചതോടെ നാട്ടുകാർ എത്തിയപ്പോൾ കടുവ ഓടി മറയുകയായിരുന്നു. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയും കടുവ കൊന്നു.വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ. പ്രദേശത്ത് ശനിയാഴ്ച രാത്രി എട്ടു മണിയോടെ കടുവ വീണ്ടും എത്തി. നാട്ടുകാർ ഇറങ്ങി ബഹളം വച്ചതോടെ കടുവ തൊട്ടടുത്ത കാട്ടിലേക്ക് പോവുകയായിരുന്നു. തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. വിദ്യാർത്ഥികൾക്ക് സ്‌കൂളിലും കുഞ്ഞുങ്ങളെ അംഗൻവാടികളിലും അയ്ക്കാനും കഴിയുന്നില്ല. വീടിനുള്ളിൽ ഭയന്ന് കഴിയേണ്ട സ്ഥിതിയാണുള്ളത്.ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. തോട്ടത്തിൽ കൃഷിയോടൊപ്പം തന്നെ കാടുകൾ വളർന്നു വലുതായി വന്യമൃഗങ്ങൾ ഇറങ്ങിയാൽ കാണാൻ കഴിയാത്ത രീതിയിൽ വളർന്നു പന്തലിച്ചു കിടക്കുന്നു.പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും എത്തുന്ന വന്യമൃഗങ്ങൾ തോട്ടത്തിൽ വളർന്നുനിൽക്കുന്ന കാടുകൾ സുരക്ഷിതമായി തമ്പടിക്കുകയാണ്. തോട്ടം ഉടമകൾ യുദ്ധകാല അടിസ്ഥാനത്തിൽ കാട് വെട്ടി മാറ്റിയാൽ മാത്രമേ ഒരു പരിധി വരെ വന്യമൃഗങ്ങൾക്ക് ഒളിക്കാൻ കഴിയാതെ കാട്ടിലേക്ക് പോകൂ.

എസ്റ്റേറ്റിനു പുറത്തുള്ള പ്രദേശവും കാടുപിടിച്ച് കിടക്കുന്നതുകൊണ്ടുതന്നെ വന്യ മൃഗങ്ങൾക്ക് സുരക്ഷിതമായി ഇവിടെ കഴിയാനാകും.

=ആറുമാസം മുമ്പ്ഗ്രാമ്പി പ്രദേശത്ത് ഭീതി പരത്തിയ കടുവയെ മയക്കു വെടിവെച്ചു കൊല്ലുകയായിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് ഗ്രാമ്പിക്ക് സമീപം രാജമുടിയിൽ ഒരു കടുവയെചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ പ്രദേശം വീണ്ടും കടുവ ഭീഷണിയിലാണ്.

പുലിയും കാട്ടുപോത്തും ഇറങ്ങി

സമീപപ്രദേശമായ പട്ടുമല, രാജമുടി, കല്ലാർ ഓട്ടപ്പാലം, പരുന്തുംപാറ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയും കാട്ടുപോത്തും ഇറങ്ങിയിരുന്നു.ജനവാസ മേഖലയിൽ ഈ വന്യമൃഗങ്ങൾ ഇറങ്ങി ഭീതി പരത്തുന്നതു മൂലം ജനം ഭീതിയിലായിരിക്കുകയാണ്.