തൊടുപുഴ: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കും വിശ്വാസ വഞ്ചനയ്ക്കും എതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ബുധനാഴ്ച വൈകുന്നേരം നാലിന് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വരവേൽപ്പ് നൽകും.
ദേവസ്വം ബോർഡുകളിൽ നടക്കുന്ന സ്വർണ്ണ കൊള്ളയുടെയും ക്രമക്കേടുകളുടേയും വിവരങ്ങൾ ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ശബരിമല ശ്രീധർമാ ശാസ്താക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപാളികൾ, സ്വർണ്ണപാളികൾ പതിച്ച കട്ടിളപടി അടക്കമുള്ള അമൂല്യ വസ്തുക്കളാണ് ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ദേവസ്വം ബോർഡ് അധികാരികളുടേയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെ അറിവും പങ്കാളിത്തവും ഇല്ലാതെ ഇത്തരം തീവെട്ടിക്കൊള്ള നടക്കില്ല. ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഈ കൊള്ളകൾ പുറത്തു വന്നിരുക്കുന്നത്. മലബാർ ദേവസ്വം, ഗുരുവായൂർ ദേവസ്വം തുടങ്ങി എല്ലാ ദേവസ്വം ബോർഡുകളിലും സമാനസ്വഭാവമുള്ള കളവുകൾ ഉയർന്നു വന്നു തുടങ്ങിയിരിക്കുന്നു.
വിശ്വാസം സംരക്ഷിക്കണമെന്നും കുറ്റകാരെ ശിക്ഷിച്ച് ഭക്തർക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന വിശ്വാസ സംരക്ഷണയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ യാത്രാ ക്യാപ്ടൻ ബെന്നി ബഹനാനെയും വൈസ് കളാപ്ടൻ വി.ടി ബൽറാമിനെയും സമ്മേളന വേദിയായ തൊടുപുഴ മുനിസിപ്പൽ മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും..
ഡി.സി.സി പ്രസിഡന്റ് സി .പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം പി .ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, ഇ എം അഗസ്തി എക്സ് എം.എൽ.എ, എ .കെ മണി എക്സ് എം.എൽ.എ, അഡ്വ.ജോയി തോമസ്, റോയി കെ പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, യാത്രാ മാനേജർമാരായ വി.പി സജീന്ദ്രൻ എക്സ് എം.എൽ.എ, അഡ്വ. ബി എ അബ്ദുൾ മുത്തലിബ് തുടങ്ങിയവർ പ്രസംഗിക്കും. സാമൂഹ്യ സാംസ്‌കാരിക നായകരെ സമ്മേളന വേദിയിൽ വെച്ച് ആദരിക്കും.
സ്വീകരണ സമ്മേളനം വമ്പിച്ച വിജയമാക്കാൻ ഏവരും സഹകരിക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികളായ സി.പി മാത്യു, അഡ്വ. എസ് അശോകൻ, ഷിബിലി സാഹിബ്, എൻ .ഐ ബെന്നി, രാജു ജോസഫ് ഓടയ്ക്കൽ, എം .ഡി അർജുനൻ, വി. ഇ താജുദ്ദീൻ, നഗരസഭ ചെയർമാൻ കെ ദീപക് എന്നിവർ അഭ്യർത്ഥിച്ചു.