കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ ചേറ്റുകുഴിയിൽ മത്സ്യവും കോഴി മാംസവും ലൈസൻസില്ലാതെയും വൃത്തിഹീനമായും വിറ്റുവന്നിരുന്ന കട ഉടമയ്‌ക്കെതിരെ ആരോഗ്യവകുപ്പ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. ചേറ്റുകുഴിയിലെ തൗഫീക് ഫിഷ് മാർട്ട് ആന്റ് ചിക്കൻ സെന്ററിനെതിരെയാണ് നടപടി. കടയിൽ നിന്നും കോഴിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ദിവസവും റോഡിലൂടെ ഒഴുക്കി ചേറ്റുകുഴിയിലുള്ള പൊതു ഓടയിലേക്കാണ് തള്ളിയിരുന്നത്. മത്സ്യം വയ്ക്കാൻ ഉപയോഗിക്കുന്ന ബോക്സുകളും മറ്റ് മലിന വസ്തുക്കളും റോഡിൽ തന്നെ കൂട്ടിയിട്ടിരുന്ന നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉണ്ടാവുകയും വണ്ടൻമേട് ഹെൽത്ത് ഇൻസ്‌പെക്ടർ കട ഉടമയ്ക്ക് പലതവണ നിർദേശം നൽകുകയും ചെയ്‌തെങ്കിലും വീണ്ടും കച്ചവടം തുടർന്നതോടെയാണ് നടപടി. ജില്ലാ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ഉത്തരവുകളും നിർദ്ദേശവും അനുസരിച്ച് ഉപ്പുതറ ഹെൽത്ത് ബ്ലോക്കിലെ ഹെൽത്ത് സൂപ്പർവൈസറും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം പരിശോധിക്കുകയും പരാതിക്ക് കാരണമായ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ചേറ്റു കുഴി പ്രദേശത്ത് ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസ് എടുക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാക്ഷികളുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2023ലെ കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പഞ്ചായത്ത് പ്രസിഡന്റുമാരും മുൻസിപ്പൽ ചെയർ പേഴ്സണും അദ്ധ്യക്ഷന്മാരായി പൊതുജനാരോഗ്യ സമിതികൾ രൂപീകരിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്. മലമ്പനി ഉൾപ്പെടെയുള്ള പല പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനും നോട്ടീസ് നൽകിയിട്ടും നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെയും കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും നിർദേശം നൽകിയതായി ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആന്റണി അറിയിച്ചു.