
തൊടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ജയ് ഹിന്ദ് സാഹിത്യ പുരസ്‌കാരത്തിന് കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. 15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 'ചോറ്റുപാഠം' എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കാസർകോട്സ്വദേശിയായ ദിവാകരന്റെ 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി. കുമാരൻ സ്മാരക പുരസ്‌കാരം, മഹാകവി കുട്ടമത്ത് അവാർഡ്, കേരളസാഹിത്യ അക്കാദമി കനകശ്രീ എന്റോവ്‌മെന്റ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, എൻ.വി. കൃഷ്ണവാരിയർ പുരസ്‌ക്കാരം, തുടങ്ങി നിരവധി അവാർഡുകൾ കവിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 19ന് വൈകിട്ട് അഞ്ചിന് തൊടുപുഴ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കവി വീരാൻകുട്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ അറിയിച്ചു.