തൊടുപുഴ: ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനസാക്ഷരതാ മിഷൻ നടത്തുന്ന രണ്ട് കോഴ്സുകൾ വഴി ജില്ലയിൽ പഠിച്ചിറങ്ങിയത് 1633 പേർ. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവ പഠിച്ചവരുടെ കണക്കാണിത്. 2018 മുതലാണ് കോഴ്സുകൾ ആരംഭിച്ചത്. ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. കട്ടപ്പന, അടിമാലി, ചക്കുപള്ളം, അടിമാലി, തൊടുപുഴ, ഉടുമ്പൻചോല, ബാലഗ്രാം എന്നിവയാണത്. കുറഞ്ഞത് 30 പഠിതാക്കളെങ്കിലും ഉള്ള സ്ഥലത്താണ് സെന്ററുകൾ അനുവദിക്കുക. ഏഴ് ബാച്ചുകൾ ഇതിനോടകം പഠനം പൂർത്തിയാക്കി. ഏട്ടാമത് ബാച്ചാണ് ഈ വർഷമുള്ളത്. പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് 532 പേരും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സ് 1101 പേരുമാണ് പഠിച്ചത്. കോഴ്സുകൾക്ക് സാക്ഷരതാമിഷൻ നിശ്ചിത ഫീസും ഈടാക്കുന്നുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള പച്ച മലയാളം കോഴ്സ് രണ്ട് സെമസ്റ്ററുകളായാണ് നടത്തുന്നത്. ആദ്യത്തെ ആറ് മാസം അടിസ്ഥാന കോഴ്സായും പിന്നീടുള്ള ആറ് മാസം അഡ്വാൻസ് കോഴ്സായുമാണ് പഠനം. അടിസ്ഥാന കോഴ്സ് പാസായാൽ മാത്രമാണ് അഡ്വാൻസ് കോഴ്സിലേക്കുള്ള പ്രവേശനം. ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി നാല് മാസമാണ്. രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസ്. രണ്ട് കോഴ്സിനും പ്രത്യേക പാഠ പദ്ധതികളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെയും നിയമിച്ചിട്ടുണ്ട്. രണ്ട് കോഴ്സുകളിലും 100 മേനി വിജയമെന്നതും പ്രത്യേകതയാണ്.

ഗുഡ് ഇംഗ്ലീഷ്

സർട്ടിഫിക്കറ്റ് കോഴ്സ്

ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻനടത്തുന്ന കോഴ്സ്. കോഴ്സ് പഠിക്കാൻ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് ഫീസ് അടയ്ക്കുന്നതിന് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിക്കുന്നുണ്ട്. 23 ലക്ഷത്തിലേറെ രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഈ വർഷം 295 പേർ കോഴ്സിൽ ചേർന്നിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർക്കും ചേരാമെന്നത് കോഴ്സിന്റെ പ്രത്യേകതയാണ്.

പച്ച മലയാളം

മലയാള ഭാഷാ അനായാസം കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച കോഴ്സാണ് പച്ച മലയാളം. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ക്ലാസിൽ ചേരാമെന്നത് പ്രത്യേകതയാണ്. അദ്ധ്യാപക മേഖലയിലെ പ്രമോഷനടക്കം ഉപയോഗിക്കാവുന്ന സർട്ടിഫിക്കറ്റാണ്. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് പച്ച മലയാളത്തിൽ ചേരാവുന്നതാണ്.

''കോഴ്സുകൾ സാധാരണക്കാർക്ക് ഏറെ പ്രയോജകരമാണ്. ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം""

-പി.എം. അബ്ദുൾ കരീം (സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ)