തൊടുപുഴ: സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് ഇന്ന് തുടക്കമാകും. കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചലച്ചിത്രതാരം കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ ജോസഫ് എം.എൽ.എ മാസ്‌കോട്ട് റിവീലിങ് നടത്തും. സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽപങ്കെടുക്കും. 16,17, 18 തീയതികളിലായി വിമല പബ്ലിക് സ്‌കൂളിലെ വിവിധ വേദികൾ കലോത്സവ മാമാങ്കത്തിന് സാക്ഷ്യംവഹിക്കും.15 പരം വേദികളിൽ വിവിധ ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 18 നാണ് സമാപന സമ്മേളനം. രചന, ചിത്രകല, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും ബാൻഡ് ഡിസ്‌പ്ലേ മത്സരവും കഴിഞ്ഞദിവസങ്ങളിലായി നടത്തി. . . ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ നൂറിൽപരം സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക.