ഇടുക്കി: മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യവന്യജീവി സംഘർഷം ലഘൂകരണം മൂന്നാം ഘട്ട അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പരിഹാരമാർഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നത്. മൂന്ന് ഘട്ടമായാണ് തീവ്രയജ്ഞ പരിപാടി. സെപ്തംബർ 16 മുതൽ 30 വരെ ഒന്നാം ഘട്ടവും ഒക്ടോബർ ഒന്നു മുതൽ 15 വരെ രണ്ടാം ഘട്ടവും ഒക്ടോബർ 16 മുതൽ 30 വരെ മൂന്നാം ഘട്ടവുമായാണ് പരിപാടി നടപ്പാക്കുന്നത്. വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സൗഹാർദം മുമ്പത്തേക്കാൾ മെച്ചപ്പെട്ടു. ജീവനക്കാർക്ക് ആധുനിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽഎ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു