കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ 1, 2, 16 വാർഡുകളിലെ പട്ടയവിതരണവും ലൈഫ്, പി.എം.എ.വൈ പദ്ധതികളിൽ വീടുകളുടെ നിർമാണവും വൈകുന്നതിൽ പ്രതിഷേധിച്ച് യുവജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ പള്ളിക്കവലയിലെ അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കൽ ജനകീയ ധർണ നടത്തി. മലയോര ജനകീയ അവകാശ സംരക്ഷണ സമിതി, കാർഷക അതിജീവന സംരക്ഷണ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പ്രതിഷേധം .
ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആയിരത്തിൽപരം കുടുംബങ്ങൾക്ക് പട്ടയവും നഷ്ടപരിഹാരവും നൽകിയാണ് കോവിൽമലയിൽ പുനരാധിവസിപ്പിച്ചത്. പ്രദേശം ലാൻഡ് രജിസ്റ്ററിൽ തേക്ക് പ്ലാന്റേഷൻ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇതുവരെ പട്ടയം നൽകാൻ നടപടി സ്വീകരിച്ചിട്ടില്ല. 2017ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോവിൽമലയിൽ ഒന്ന്, രണ്ട്, പതിനാറ് വാർഡുകളിലായി ലൈഫ് പദ്ധതിയിൽ 19 വീടുകൾ അനുവദിച്ചിരുന്നു. ഒന്നാം ഗഡുവായ 40,000 രൂപ ഉപഭോക്താക്കൾ കൈപ്പറ്റി. ഇവർ നിലവിലുണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റി അടിത്തര നിർമിക്കുകയും ചെയ്തു. എന്നാൽ കോവിൽമല രാജാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വനംവകുപ്പ് വീടുകളുടെ തുടർനിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചു. ഇതോടെ 19 കുടുംബങ്ങളും കൂരകളിലാണ് താമസിക്കുന്നത്. വനം വകുപ്പിന്റെയും കോവിൽമല രാജാവിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പള്ളിക്കവലയിൽനിന്ന് പ്രകടനം ആരംഭിച്ച് റേഞ്ച് ഓഫീസ് പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലൈജു ബിജു ഉദ്ഘാടനംചെയ്തു. കർഷക അതിജീവന സംരക്ഷണ സമിതി രക്ഷാധികാരി പി സി വിജയൻ, മലയോര ജനകീയ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് തങ്കച്ചൻ പറപ്പള്ളി, മോബിൻ ജോണി, സോണിയ, ലൈലാമ്മ, സന്തോഷ് പാറയോലിക്കൽ, ബാബു പതാപറമ്പിൽ, ബേബി പുതിയാത്ത് എന്നിവർ സംസാരിച്ചു.